വാഷിംഗ്ടണ്‍: അമേരിക്കയിലെ വിദ്യാര്‍ത്ഥി വായ്പകളുമായി ബന്ധപ്പെട്ട് വലിയ രീതിയിലെ മാറ്റത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനം നടത്തി ട്രംപ് ഭരണകൂടം. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഏറ്റവും ജനപ്രിയമായ വിദ്യാര്‍ത്ഥി വായ്പ മാപ്പ് പദ്ധതികളിലൊന്നായ 'സേവിങ് ഓണ്‍ എ വാല്യൂബിള്‍ എജ്യുക്കേഷന്‍' (SAVE) പദ്ധതി അവസാനിപ്പിക്കുന്നതിനുള്ള കരട് ധാരണ മിസൗറി സംസ്ഥാനവുമായി ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഇതോടെ 70 ലക്ഷത്തിലധികം വിദ്യാഭ്യസ വായ്പക്കാര്‍ക്ക് പുതിയ തിരിച്ചടവ് പദ്ധതി തെരഞ്ഞടുക്കേണ്ടിവരും.
വരുമാനത്തിനനുസരിച്ച് തിരിച്ചടവ് തുകയും പലിശനിരക്കും കുറച്ചുകൊണ്ട് ഏറ്റവും ലഭ്യമെന്ന് ബൈഡന്‍ ഭരണകൂടം വിശേഷിപ്പിച്ച പദ്ധതി ആയിരുന്നു സേവ്. മണിക്കൂറിന് 16 ഡോളര്‍ വരുമാനമോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് 'സീറോ പേമന്റ്' സൗകര്യം ലഭിച്ചിരുന്നു. പക്ഷേ, ഈ പദ്ധതി നിയമ ലംഘനമാണെന്നും നികുതിദായകരുടെ പണം തെറ്റായി ഉപയോഗിക്കുന്നതാണെന്നുമായിരുന്നു റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളുടെ നിലപാട്. മിസൗറി അടക്കമുള്ള സംസ്ഥാനങ്ങളുടെ കേസിനെത്തുടര്‍ന്ന് 2024ല്‍ ഫെഡറല്‍ അപ്പീല്‍സ് കോടതി പദ്ധതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.
'നിയമം വ്യക്തമാണ് - വായ്പ എടുത്താല്‍ തിരിച്ചടക്കണം,' എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നിക്കോളസ് കെന്റ് പ്രതികരിച്ചത്. 'അമേരിക്കന്‍ നികുതിദായകരെ അനധികൃതവും ഉത്തരവാദിത്തമില്ലാത്തതുമായ വായ്പമാപ്പ് പദ്ധതികളുടെ ഇരയാക്കില്ല.' എന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി തുടരുകയായിരുന്നുവെങ്കില്‍ നികുതിദായകര്‍ക്ക് പത്ത് വര്‍ഷത്തില്‍ 342 ബില്ല്യണ്‍ ഡോളറിന്റെ അധികഭാരം ഉണ്ടായേനെയെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹണിന്റെ നേതൃത്വത്തിലുള്ള വകുപ്പ് പറഞ്ഞത്.
തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥി വായ്പാ പ്രവര്‍ത്തകരും അതിനായി വാദിക്കുന്നവരും കടുത്ത വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. 'ഏറ്റവും ഇളവുകളുള്ള തിരിച്ചടവ് പദ്ധതിയാണ് എടുത്തുകളഞ്ഞ്,' എന്നാണ് അവരുടെ വാദം. സേവ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തിരിച്ചടവ് തുക ഉയരുമെന്നും വായ്പ ഇളവില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും ആശങ്കയുണ്ട്.
ട്രംപിന്റെ പ്രധാന ആഭ്യന്തര നയമായ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്' പ്രകാരം, 2026 ജൂലൈ 1 മുതല്‍ നിലവിലെ എല്ലാ വരുമാനാധിഷ്ഠിത തിരിച്ചടവ് പദ്ധതികളും പൂര്‍ണമായും ഒഴിവാക്കി സ്റ്റാന്‍ഡേര്‍ഡ് റീപേയ്‌മെന്റ് പ്ലാന്‍, വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള റാപ് -RAP (Repayment Assistance Plan) എന്നിങ്ങനെ പുതിയ രണ്ട് പദ്ധതികള്‍ മാത്രമേ ലഭ്യമാകുകയുള്ളു.
സേവ് പദ്ധതിയില്‍ ഉള്ളവര്‍ക്ക് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ തിരിച്ചടവ് പദ്ധതി നിര്‍ബന്ധമായും തെരഞ്ഞടുക്കണം. ഫെഡറല്‍ സ്റ്റുഡന്റ് എയ്ഡ് (FSA) ഓഫീസ് അതിനായി സഹായം നല്‍കുമെന്ന് വിഭാഗം അറിയിച്ചു.
70 ലക്ഷം പേര്‍ ഉപയോഗിച്ചിരുന്ന ' സേവ് ' വിദ്യാര്‍ത്ഥി വായ്പ മാപ്പ് പദ്ധതി ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നു
