വാഷിംഗ്ടണ്‍: തായ്‌വാനിനെച്ചൊല്ലി യുദ്ധമുണ്ടായാല്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങളും വലിയ കപ്പലുകളും ആദ്യഘട്ടത്തിലേ തകര്‍ക്കാനും ഒടുവില്‍ യുഎസ് സൈന്യത്തെ തോല്‍പ്പിക്കാനുമുള്ള ശേഷി ചൈനയ്ക്കുണ്ടെന്ന് പെന്റഗണ്‍ രഹസ്യറിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്.
'ഓവര്‍മാച്ച് ബ്രിഫ്' എന്ന പേരില്‍ പെന്റഗണ്‍സ് ഓഫിസ് ഓഫ് നെറ്റ് അസസ്‌മെന്റ് തയ്യാറാക്കിയ രഹസ്യ രേഖയെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
വിലകൂടിയതും ആക്രമണത്തില്‍ തകര്‍ച്ച സംഭവിക്കാവുന്നതുമായ ആയുധ സമ്പത്തുക്കളെയാണ് യുഎസ് ആശ്രയിക്കുന്നത്, അതേസമയം ചൈന കുറഞ്ഞ ചെലവില്‍ കൂടുതല്‍ സാങ്കേതിക ശേഷിയുള്ള സംവിധാനങ്ങളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്, എന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. 2021ല്‍ ജോ ബൈഡന്‍ ഭരണകാലത്ത് രേഖ കൈപ്പറ്റിയ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ 'അമേരിക്ക കരുതിവെച്ച ഓരോ തന്ത്രത്തിനും ചൈനയ്ക്ക് ഒന്നിന് മുകളില്‍ പ്രതിരോധ സംവിധാനമുണ്ടെന്ന്' തിരിച്ചറിഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയി എന്നു റിപ്പോര്‍ട്ട് പറയുന്നു.
യുദ്ധമേഖലകളില്‍ അമേരിക്കയുടെ ഏറ്റവും ശക്തിയേറിയ ഫോര്‍ഡ് ക്ലാസ് എയര്‍ക്രാഫ്റ്റ് കരിയറുകളും ആദ്യഘട്ടത്തില്‍ തന്നെ നശിപ്പിക്കപ്പെടുമെന്ന് രേഖ സൂചിപ്പിക്കുമ്പോഴും, ഇതേ ക്ലാസില്‍ ഒമ്പതിലധികം കപ്പലുകള്‍ കൂടി പണിയാനുള്ള തിരക്കിലാണ് യുഎസ് നാവികസേന.
ചൈനയുടെ പിന്തുണയുള്ളതായി കരുതപ്പെടുന്ന വോള്‍ട്ട് ടൈഫൂണ്‍ ഹാക്കര്‍ ഗ്രൂപ്പ് യുഎസിലെ സൈനിക താവളങ്ങള്‍ക്ക് വൈദ്യുതി, ജലവിതരണം, ആശയവിനിമയ ശൃംഖലകള്‍ എന്നിവ നിയന്ത്രിക്കുന്ന സംവിധാനങ്ങളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. പസഫിക്കില്‍ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടാല്‍ സൈന്യം ഉപകരണങ്ങളും മനുഷ്യശേഷിയും വിന്യസിക്കുന്നതില്‍ ഇത് ഗുരുതര തടസമാകാമെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തില്‍ തായ്‌വാനുമായി ബന്ധപ്പെട്ട വിദേശ ഇടപെടലുകള്‍ 'തകര്‍ത്ത് നിരത്തുമെന്നും' ചൈന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തായ്‌വാനുമായി അടുത്ത ദ്വീപില്‍ മിസൈലുകള്‍ വിന്യസിക്കാമെന്ന് ജപ്പാന്‍ സൂചന നല്‍കിയതോടെയാണ് ചൈനയുടെ കടുത്ത മുന്നറിയിപ്പ് നല്‍കിയത്. 'ദേശീയ ഉടമസ്ഥാവകാശവും പ്രാ ദേശിക താല്പര്യങ്ങളും സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഉറച്ച മനസും ശക്തമായ ശേഷിയുമുണ്ട്, എന്ന് ചൈനയുടെ തായ്‌വാന്‍ കാര്യാലയ വക്താവ് പെങ് ചിങ്'എന്‍ വ്യക്തമാക്കിയിരുന്നു.
അതേ സമയം തായ്‌വാന്റെ ഭാവി തീരുമാനിക്കുന്നത് ദ്വീപിലെ ജനങ്ങള്‍ മാത്രമാണെന്നും 2.3 കോടി തായ്‌വാന്‍ക്കാരും 'ചൈനീസ് ഭരണത്തിലേക്ക് മടങ്ങിപ്പോകില്ല എന്നും തായ്‌വാന്‍ പ്രധാനമന്ത്രി ചോ ജങ്ങ്-തായ് പ്രതികരിച്ചു.
തായ്‌വാന്‍ യുദ്ധഭീഷണി: അമേരിക്കയെ തകര്‍ക്കാനും തോല്‍പ്പിക്കാനും ചൈനയ്ക്ക് ശേഷിയുണ്ടെന്ന് പെന്റഗണ്‍ രഹസ്യ റിപ്പോര്‍ട്ട്
