ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതിയായ ജെ എന്‍ യു മുന്‍ വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈ മാസം നടക്കുന്ന സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് 14 ദിവസത്തേക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബാജ്പായ്യാണ് പരിഗണിച്ചത്. നേരത്തെ ഉമര്‍ ഖാലിദ് ഡല്‍ഹി ഹൈക്കോടതിയിലും വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് മറ്റൊരു സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉമര്‍ ഖാലിദിന് ജാമ്യം ലഭിച്ചിരുന്നു.
കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, ക്രിമിനല്‍ ഗൂഢാലോചന, യു എ പി എ എന്നീ വകുപ്പുകള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ എട്ട് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
