പാക്കിസ്ഥാന്റെ എഫ് 16 കരുത്തിന് വന്‍ തുണ: 686 മില്യണ്‍ ഡോളര്‍ ടെക് അപ്‌ഗ്രേഡ് പാക്കേജ് യുഎസ് അംഗീകരിച്ചു

പാക്കിസ്ഥാന്റെ എഫ് 16 കരുത്തിന് വന്‍ തുണ: 686 മില്യണ്‍ ഡോളര്‍ ടെക് അപ്‌ഗ്രേഡ് പാക്കേജ് യുഎസ് അംഗീകരിച്ചു


വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ എഫ്16 യുദ്ധവിമാന നിരയെ ആധുനികവത്കരിക്കുന്നതില്‍ നിര്‍ണായകമായ 686 മില്യണ്‍ ഡോളറിന്റെ സാങ്കേതിക സഹായ പാക്കേജിന് അമേരിക്ക  ഔദ്യോഗിക സമ്മതം നല്‍കി. ലിങ്ക്-16 ഡേറ്റാ ലിങ്ക് സിസ്റ്റം, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങള്‍, ആധുനിക ഏവിയോണിക് അപ്‌ഗ്രേഡ്, പരിശീലനം, സമഗ്ര ലൊജിസ്റ്റിക് പിന്തുണ തുടങ്ങി നിരവധി നിര്‍ണായക ഘടകങ്ങളാണ് ഇടപാടിന്റെ ഭാഗമായി ഉള്‍പ്പെട്ടിരിക്കുന്നത്.

ഡിഫന്‍സ് സെക്യൂരിറ്റി കോപ്പറേഷന്‍ ഏജന്‍സി (DSCA) യുഎസ് കോണ്‍ഗ്രസിനു നല്‍കിയ അറിയിപ്പിലൂടെയാണ് കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 30 ദിവസത്തെ ശൈലി-പരിശോധനാ കാലയളവാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മേഖലയിലെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ നീക്കത്തെ ശ്രദ്ധാപൂര്‍വമാണ് നിരീക്ഷിക്കുന്നത്.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ആയിരിക്കും പാക്കേജിന്റെ പ്രധാന കരാര്‍സ്ഥാപനം. ഇടപാടിന് അധിക അമേരിക്കന്‍ സൈനിക സാന്നിധ്യം പാക്കിസ്ഥാനില്‍ ആവശ്യമില്ലെന്നും യുഎസിന്റെ പ്രതിരോധ സജ്ജതയ്ക്ക് കേടുപാടൊന്നും വരില്ലെന്നും ഡിഫന്‍സ് സെക്യൂരിറ്റി കോപ്പറേഷന്‍ ഏജന്‍സി വ്യക്തമാക്കുന്നു.

പാക്കിസ്ഥാന്റെ എഫ്16 നിരയുടെ പ്രവര്‍ത്തനസുരക്ഷ മെച്ചപ്പെടുത്താനും, ഭാവിയിലെ ഭീഷണികളെ നേരിടാനുള്ള ശേഷി നിലനിര്‍ത്താനുമാണ് വില്‍പ്പന സഹായിക്കുന്നത്. ബ്ലോക്ക്-52, മിഡ് ലൈഫ് അപ്‌ഗ്രേഡ് (MLU) എഫ്16 വിമാനങ്ങള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ പാക്കിസ്ഥാന്‍-അമേരിക്ക വ്യോമസേനകള്‍ തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനക്ഷമത വര്‍ധിക്കുമെന്ന് കത്തില്‍ പറയുന്നു. വിമാനങ്ങളുടെ ആയുസ്സ് 2040 വരെ നീളുകയും നിര്‍ണായക സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും.

പ്രദേശത്തെ സൈനിക തുലനാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്ന ഉറപ്പും യുഎസ് നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ആവശ്യമായ സാങ്കേതിക വിദ്യ ആഗിരണം ചെയ്യാനുള്ള ശേഷി തെളിയിച്ചിട്ടുണ്ടെന്നും കത്തില്‍ രേഖപ്പെടുത്തുന്നു.

ഇടപാടിന്റെ പ്രധാന വിവരങ്ങള്‍

686 മില്യണ്‍ ഡോളറിന്റെ പാക്കേജില്‍ 37 മില്യണ്‍ ഡോളറിന്റെ MDE ഘടകവും 649 മില്യണ്‍ ഡോളറിന്റെ മറ്റ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു. 92 ലിങ്ക്-16 സിസ്റ്റങ്ങളും പരീക്ഷണങ്ങള്‍ക്കായി ആറു Mk82 500 lb 'ഇനര്‍ട്ട്' ബോംബ് ബോഡികളും ഉള്‍പ്പെടുന്നു.

ലിങ്ക്-16 നേറ്റോ രാജ്യങ്ങളും യുഎസും ഉപയോഗിക്കുന്ന സുരക്ഷിതവും തത്സമയമുള്ള യുദ്ധ വിവര കൈമാറ്റ സംവിധാനം ആണ്. ഇലക്ട്രോണിക് ജാമിംഗില്‍ നിന്നും പ്രതിരോധ ശേഷിയുള്ള ഈ സംവിധാനം നിരീക്ഷണം, തിരിച്ചറിയല്‍, ആയുധ നിയന്ത്രണം, യുദ്ധ മേധാവിത്വ നിര്‍ദേശങ്ങള്‍ തുടങ്ങിയവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

2021ല്‍ പാക്കിസ്ഥാന്‍ ഈ അപ്‌ഗ്രേഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ബന്ധങ്ങളില്‍ ഉണ്ടായിരുന്ന മരവിപ്പുമൂലം മറുപടി നീളുകയായിരുന്നു. ഇപ്പോഴാണ് അമേരിക്ക ഔദ്യോഗിക അംഗീകാരം നല്‍കുന്നത്.