ഇന്‍ഡിഗോയില്‍ യാത്ര മുടങ്ങിയവര്‍ക്ക് പതിനായിരം രൂപയുടെ സൗജന്യ വൗച്ചര്‍

ഇന്‍ഡിഗോയില്‍ യാത്ര മുടങ്ങിയവര്‍ക്ക് പതിനായിരം രൂപയുടെ സൗജന്യ വൗച്ചര്‍


ന്യൂഡല്‍ഹി: ഇന്‍ഡിഗോ സര്‍വീസുകളുടെ റദ്ദാക്കലില്‍ യാത്രയില്‍ തടസം നേരിട്ട യാത്രക്കാര്‍ക്ക് 10000 രൂപയുടെ സൗജന്യ വൗച്ചര്‍ കമ്പനി പ്രഖ്യാപിച്ചു. ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് 10000 രൂപയുടെ വൗച്ചര്‍ അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷമാണ് വൗച്ചറിന്റെ കാലാവധി. 

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ 5000 രൂപ മുതല്‍ 10000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിവില്‍ ഏവിയേഷന്റെ മാര്‍ഗനിര്‍ദേശം. ഇതിന് പുറമെയാണ് ഇന്‍ഡിഗോ കമ്പനി യാത്ര മുടങ്ങിയവര്‍ക്ക്10000 രൂപയുടെ വൗച്ചറുകള്‍ നല്‍കുന്നത്.

നിലവില്‍ തടസമുണ്ടാകുന്ന യാത്രകളുടെ നിരക്കുകള്‍ തിരികെ നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഇന്‍ഡിഗോ അറിയിച്ചു. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവര്‍ക്കും ഉടനെ പണം ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ കഴിഞ്ഞ ദിവസം മാത്രം 220 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിനിടെ ഇന്‍ഡിഗോ സി ഇ ഒ ഉള്‍പ്പെടെയുള്ളവരെ ഡി ജി സി എ വളിച്ചുവരുത്തിയിരുന്നു. സര്‍വീസ് പുനസ്ഥാപിക്കല്‍, പണം തിരികെ കൊടുക്കല്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.