അമേരിക്കന്‍ കമ്പനികളെ ഇന്ത്യാവിമുക്തമാക്കുമെന്ന് പ്രമുഖ പോള്‍സ്റ്റര്‍; പുതിയ കണ്‍സള്‍ട്ടന്‍സി പ്രഖ്യാപനം വിവാദത്തില്‍

അമേരിക്കന്‍ കമ്പനികളെ ഇന്ത്യാവിമുക്തമാക്കുമെന്ന് പ്രമുഖ പോള്‍സ്റ്റര്‍; പുതിയ കണ്‍സള്‍ട്ടന്‍സി പ്രഖ്യാപനം വിവാദത്തില്‍


വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ പോളിംഗ് സ്ഥാപനമായ റാസ്മുസന്‍ റിപ്പോര്‍ട്ട്‌സിന്റെ സിഇഒ മാര്‍ക്ക് മിച്ചല്‍ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. എച്ച്-1ബി വിസകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കിയ മിച്ചല്‍, ഇപ്പോള്‍ നേരിട്ട് അമേരിക്കന്‍ കോര്‍പ്പറേറ്റുകളില്‍ ഇന്ത്യക്കാരുടെ സാന്നിധ്യം കുറയ്ക്കാന്‍ ('ഡീ-ഇന്ത്യനൈസ്' ചെയ്യാന്‍) പ്രത്യേക കണ്‍സള്‍ട്ടന്‍സി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മിച്ചലിന്റെ ഈ നിലപാട് വീണ്ടും ചര്‍ച്ചയായത്.

തന്റെ രണ്ടാം ഭരണം തുരവെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം എച്ച്-1ബി വിസാ സംവിധാനം കടുത്ത പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിരിക്കുകയാണ്. അമേരിക്കന്‍ ഐടി മേഖലയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിദേശിയരായ പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ഈ സംവിധാനം. വര്‍ഷം തോറും അനുവദിക്കുന്ന 85,000 എച്ച്-1ബി വിസകളില്‍ 70 ശതമാനത്തിലധികവും ഇന്ത്യക്കാരാണ് നേടുന്നത്. ഇവര്‍ അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയും മറ്റു കുടിയേറ്റക്കാരെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുകയും ക്രൈം നിരക്കില്‍ ഏറ്റവും താഴെയുമുള്ള കൂട്ടായ്മയാണ് എന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഇന്ത്യക്കാരെ ലക്ഷ്യംവെക്കുന്ന തരത്തിലാണ് മിച്ചലിന്റെ പുതിയ നിലപാട് ഉയര്‍ന്നത്.

'ജീവിതത്തില്‍ ഇത്രയും ആഗ്രഹിച്ച ഒന്നുമില്ല. അമേരിക്കന്‍ കമ്പനികളെ ഡീ-ഇന്ത്യനൈസ് ചെയ്യാന്‍ സഹായിക്കുന്ന ഒരു കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്‍സി ആരംഭിക്കാന്‍ ഞാന്‍ തയ്യാറാണ്. മരിക്കുന്ന ദിവസംവരെ അതില്‍ പ്രവര്‍ത്തിക്കും,' എന്ന് മിച്ചല്‍ പോസ്റ്റില്‍ രേഖപ്പെടുത്തി. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്തുണയും കടുത്ത വിമര്‍ശനവും ഒരുമിച്ച് ഉയര്‍ന്നു.

സ്റ്റീവ് ബാനണുമായുള്ള അഭിമുഖത്തില്‍ മിച്ചല്‍ പറഞ്ഞ മറ്റൊരു പ്രസ്താവനയും വലിയ വിവാദമുണ്ടാക്കി. 'ആപ്പിള്‍ പോലുള്ള കമ്പനികളില്‍ ജോലി ചെയ്യുന്ന ഒരു സീനിയര്‍ എച്ച്-1ബി ഡെവലപ്പറെ തിരികെ അയക്കുന്നത്, സാമ്പത്തികമായി 10 അനധികൃത കുടിയേറ്റക്കാരെ ഉപരോധിക്കുന്നതിനെക്കാളും ഫലപ്രദമാണ്. ഇത് നാളെയല്ല ഇന്നുതന്നെ ചെയ്യേണ്ടതാണ്,' എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

പ്രതികരണങ്ങള്‍ കനത്തതായിരുന്നു. 'ഏറ്റവും വിദ്യാഭ്യാസവും സംഭാവനയും ചെയ്യുന്ന സമൂഹത്തെ വെറുക്കുന്നതാണ് ഇപ്പോഴത്തെ അമേരിക്കന്‍ അസ്വസ്ഥതയുടെ ലക്ഷണം,' എന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായും ടെക്-ഇന്‍വെസ്റ്റ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാതിക് ഗദാ, കര്‍ശന വിമര്‍ശനം നടത്തി.

2016 ലെ ട്രംപ് വിജയം കൃത്യമായി പ്രവചിച്ചതിലൂടെ ശ്രദ്ധ നേടിയ റാസ്മുസന്‍ റിപ്പോര്‍ട്ട്‌സ്, 2024 തെരഞ്ഞെടുപ്പിലും കൃത്യതയുള്ള സര്‍വേകള്‍ നടത്തിയെങ്കിലും റിപ്പബ്ലിക്കന്‍ പക്ഷപാതമുണ്ടെന്ന വിമര്‍ശനങ്ങള്‍ തുടരുന്നു. അതിനിടെ മിച്ചലിന്റെ പുതിയ 'ഡീ-ഇന്ത്യനൈസ്' പ്രസ്താവന, അമേരിക്കന്‍ രാഷ്ട്രീയ-ടെക് രംഗങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.