അത്തം പിറന്നു; ഓണവരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര

അത്തം പിറന്നു; ഓണവരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര


കൊച്ചി:  അത്തം പിറന്നതോടെ നാടാകെ ഓണാഘോഷത്തിന്റെ ആവേശത്തിലേക്ക്. ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ രാവിലെ ഒമ്പതിന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ചലച്ചിത്രതാരം മനോജ് കെ. ജയൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരക്കും. അവധിദിനമായതിനാൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും വളന്റിയർമാരുമടക്കം 500ഓളം പേരെ സുരക്ഷയ്ക്കും ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനുമായി നിയോഗിച്ചിട്ടുണ്ട്.

അത്താഘോഷത്തിനെത്തുന്നവർക്കായി കുടിവെള്ളം, പാർക്കിങ്, ശൗചാലയം, വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃത കോളജ് ഗ്രൗണ്ട്, സംസ്‌കൃത സ്‌കൂൾ ഗ്രൗണ്ട്, ഗവ. ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ട്, എൻ.എസ്.എസ്. കോളജ് ഗ്രൗണ്ട്, കരിങ്ങാച്ചിറ ചർച്ച് ഗ്രൗണ്ട്, ശ്രീവെങ്കിടേശ്വര സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹന പാർക്കിങ് സൗകര്യം.

പൂർണത്രയീശ ക്ഷേത്രത്തിന് സമീപം, വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ, എസ്.എൻ. മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ശൗചാലയ സൗകര്യമുണ്ടാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മെഡിക്കൽ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.