വിയോജിക്കുന്നവരെ വേണ്ടേ? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുഖ്യാതിഥി ആവേണ്ടെന്ന് പറഞ്ഞ നിയമ വിദ്യാർഥികളുടെ എൻ‍റോൾമെന്റ് തടഞ്ഞു, വിവാദമായപ്പോൾ തിരുത്തി

വിയോജിക്കുന്നവരെ വേണ്ടേ? സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുഖ്യാതിഥി ആവേണ്ടെന്ന് പറഞ്ഞ നിയമ വിദ്യാർഥികളുടെ എൻ‍റോൾമെന്റ് തടഞ്ഞു, വിവാദമായപ്പോൾ തിരുത്തി


കോക്രോച്ച് ജനതാ പാർട്ടി എന്ന സംഘടന ഉണ്ടായതും അതിന് നിമിത്തമായ പരാമർശം നടത്തിയതുമടക്കമുള്ള വിവാദങ്ങളിൽ പെട്ട ഒരാളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ചീഫ് ജസ്റ്റിസിന്റെ പാറ്റകൾ പരാമർശമാണ് കോക്രോച്ച് ജനത പാർട്ടി രൂപീകരണത്തിലേക്ക് എത്തിച്ചത്. തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും വ്യാജ അഭിഭാഷകർക്കും ജുഡീഷ്യറിയുടെ അന്തസ് തകർക്കുന്ന പ്രവണതകൾക്കും എതിരേയാണ് പാറ്റകളോട് ഉപമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിട്ടും രക്ഷയുണ്ടായിട്ടില്ല. ഈ വിവാദങ്ങളുടെ തുടർച്ചയെന്നോണം കുറച്ച് നിയമ വിദ്യാർത്ഥികളുടെ എൻ‍റോൾമെന്റ് തടഞ്ഞതാണ് പുതിയ വിവാദത്തിലെത്തിയിരിക്കുന്നതും. അതും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നാമത്തിൽ. 

ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീ​ഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിലാണ് (നൽസർ) സംഭവം. സെന്ററിലെ ബിരുദദാനത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ മുഖ്യാതിഥിയാക്കുന്നതിനെതിരേ വിയോജിപ്പ് അറിയിച്ച് ഒരു ഭാ​ഗം വിദ്യാർഥികൾ രം​ഗത്തെത്തിയിരുന്നു. 2026 ബാച്ചിലെ 450ലധികം വിദ്യാർത്ഥികൾ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കുന്നതിനെതിരേ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പ്രൊഫസർമാർക്കുമാണ് ഒപ്പുവെച്ച കത്ത് കൈമാറി. ജൂലൈ 20-ന് ഡൽഹിയിലെ ജന്തർ മന്തറിൽ പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോഴുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടാണ് വിദ്യാർത്ഥികളുടെ എതിർപ്പിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. 

എന്നാൽ, ഈ വിയോജിപ്പ് കുറ്റമായി കണക്കാക്കിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യ വിദ്യാർഥികളുടെ എൻ‍റോൾമെന്റ് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. നല്‍സറില്‍ നിന്നും ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകനായി ചേര്‍ക്കരുതെന്നാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ ) എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളോടും നിര്‍ദ്ദേശിച്ചിരുന്നത്. സംഭവം വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ തീരുമാനം പിന്‍വലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ യൂ ടേണ്‍ അടിച്ചു. മുന്‍ ഉത്തരവ് പിന്‍വലിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, പ്രതിഷേധിച്ചവര്‍ക്ക് അടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ ചെയ്യാവുന്നതാണെന്നും വ്യക്തമാക്കി.

അതേസമയം, പ്രതിഷേധങ്ങളിൽ ബിസിഐ സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയം പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നും, വിസിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര വ്യക്തമാക്കി.

ജൂലൈ 20ന് ഡൽഹി ജന്തർ മന്തറിലുണ്ടായ പോലീസ് അതിക്രമത്തിന്റെ വീഡിയോ തെളിവുകൾ പരിശോധിക്കാൻ 'ഞങ്ങൾക്ക് സമയമില്ല' എന്ന് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പറയുന്നത്. തങ്ങളുടെ പ്രതിഷേധം ചീഫ് ജസ്റ്റിസ് എന്ന ഭരണഘടനാ പദവിക്കെതിരെയല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ ചില നിലപാടുകളോടാണെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. എന്നാൽ, പരമോന്നത നീതിപീഠത്തോട് ബഹുമാനമില്ലാത്ത വിദ്യാർഥി അഭിഭാഷകനാകേണ്ടെന്ന് ബിസിഐ നിലപാടെടുക്കുകയായിരുന്നു. "രാജ്യത്തെ പരമോന്നത നീതിന്യായ പദവിയോട് യാതൊരു ആദരവോ ബഹുമാനമോ ഇല്ലാത്ത ഒരു നിയമവിദ്യാർത്ഥി, ഭാവിയിൽ ഉത്തരവാദിത്തബോധമുള്ളതോ വിവേകമുള്ളതോ ആയ അഭിഭാഷകനോ അധ്യാപകനോ ന്യായാധിപനോ ആകുമെന്ന് പ്രതീക്ഷിക്കാനാവില്ല,"- ബിസിഐ പ്രസ്താവനയിൽ പറഞ്ഞു.

"അത്തരം വ്യക്തികൾ നിയമരംഗത്തിന് എപ്പോഴും ഒരു ബാധ്യതയായിരിക്കും. ഇത്തരത്തിലുള്ള പെരുമാറ്റം നിയമരംഗത്തേക്ക് പ്രവേശിക്കുന്നതിനോ അതിൽ ഭാഗഭാക്കാകുന്നതിനോ ഉള്ള അവരുടെ യോഗ്യതയെ മോശമായി ബാധിക്കുന്നു; മാത്രമല്ല, ഇത് നിയമരംഗത്തിന്റെ അന്തസ്സ്, അച്ചടക്കം, ധാർമ്മിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്തതുമാണ്. ഇത്തരം ആളുകൾ എപ്പോഴും സമരങ്ങളിലും ബഹിഷ്കരണങ്ങളിലും ഏർപ്പെടുകയും നിയമരംഗത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ അനുഭവം," എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.