വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് പാരിസ്ഥിതികാനുമതി; വിഴിഞ്ഞത്തിന്റെ കുതിപ്പിന് പുതിയ നാഴികക്കല്ലാകും

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് പാരിസ്ഥിതികാനുമതി; വിഴിഞ്ഞത്തിന്റെ കുതിപ്പിന് പുതിയ നാഴികക്കല്ലാകും


ന്യൂഡൽഹി: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി. ഇന്നു ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ യോഗത്തിലാണ് തിരുവനന്തപുരം വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി നല്‍കിയത്. ഇതോടെ നാടിന്‍റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന വൻകിട പദ്ധതിക്കായി നാല് വർഷമായി തുടർന്ന നീണ്ട കാത്തിരിപ്പിനാണ് അവസാനമാകുന്നത്. പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിൽ കേന്ദ്ര ക്യാബിനറ്റ് അനുമതി തേടുന്നതോടെ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളിലേക്ക് കടക്കാൻ ദേശീയപാത അതോറിറ്റിക്ക് കഴിയും.

തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകാനും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ ചരക്ക് നീക്കം പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് 8004.72 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ഔട്ടർ റിങ് റോഡ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, ദേശീയപാത ശൃംഖല, വ്യവസായ- ലോജിസ്റ്റിക്‌സ് മേഖലകള്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടും. പദ്ധതിക്കായി ദേശീയപാത അതോറിറ്റി ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (DBOT/BOT) മാതൃകയിൽ നേരത്തെ തന്നെ ടെൻഡർ ക്ഷണിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത അംഗീകാര സമിതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നിർമാണ പ്രവൃത്തികളിലേക്കുള്ള ലേല നടപടികള്‍ക്ക് തുടക്കമായത്.

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7 കിലോമീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിലാണ് നാലുവരി പാത നിർമിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി ഡിപിആറിൽ മാറ്റം വരുത്തി ടണലുകളും വയഡക്റ്റുകളും ഉൾപ്പെടുത്തിയ വിവരങ്ങൾ കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചിരുന്നു. പാതയുടെ നിർമാണത്തിനായി ഭൂമി വിട്ടുനൽകിയ 24 വില്ലേജുകളിലെ 6,500-ഓളം കുടുംബങ്ങൾക്ക് ആശ്വാസമായി ഭൂമിയേറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതമായ 3200 കോടി രൂപ സർക്കാർ നേരത്തെ തന്നെ അനുവദിച്ചിരുന്നു. ഭൂമിയേറ്റെടുക്കൽ ചെലവിന്‍റെ പകുതി തുകയും സർവീസ് റോഡ് നിർമാണത്തിനുള്ള 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുന്നത്. നിർമാണ സാമഗ്രികളുടെ ജിഎസ്‌ടിയും റോയൽറ്റിയും ഒഴിവാക്കിയുള്ള ഇളവുകളും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.

വിഴിഞ്ഞം-തേക്കട, തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ട് റീച്ചുകളായി തിരിച്ച് മൂന്ന് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ പാതയിൽ മൂന്ന് വലിയ പാലങ്ങൾ, 16 ചെറിയ പാലങ്ങൾ, 5 വയഡക്റ്റുകൾ, 90 അണ്ടർപാസുകൾ/ഓവർപാസുകൾ, 9 ഫ്ലൈഓവറുകൾ, ട്രംപെറ്റ് ഇന്റർചേഞ്ചുകൾ എന്നിവയുണ്ടാകും. റോഡിന്‍റെ തുടർച്ചയായി കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത കൂടി വരുന്നതോടെ ചരക്കുനീക്കം കൂടുതൽ സുഗമമാകും. പാതയോരം കേന്ദ്രീകരിച്ച് 8 സാമ്പത്തിക മേഖലകളിലായി 34,000 കോടി രൂപയുടെ വികസന പദ്ധതികളും രണ്ടരലക്ഷത്തോളം തൊഴിലവസരങ്ങളുമാണ് വരാനിരിക്കുന്നത്.