അമിത് ഷായുടെ വാ തുറപ്പിക്കാനായില്ല; മറുപടിയില്ലാതെ പാർലമെന്റ് സമ്മേളനം പിരിഞ്ഞു, വിഷയം അടുത്തതിലേക്ക് മാറിയോ?

അമിത് ഷായുടെ വാ തുറപ്പിക്കാനായില്ല; മറുപടിയില്ലാതെ പാർലമെന്റ് സമ്മേളനം പിരിഞ്ഞു, വിഷയം അടുത്തതിലേക്ക് മാറിയോ?


നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പെല്ലറ്റ് പ്രയോ​ഗം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരേ പ്രതിപക്ഷം നടത്തിയ പാർലമെന്റ് പ്രക്ഷോഭം തത്കാലം പുകഞ്ഞുതീർന്നു. മറുപടി പറയാതെ മുങ്ങിനടന്ന അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവസാന നിമിഷം ലോക്സഭയിലെത്തി വന്ദേമാതരം ചൊല്ലി പിരിഞ്ഞു. ഇനിയുള്ള പാട്ട് മത്സരങ്ങൾ പാർലമെന്റിന് പുറത്ത് നടക്കും. അങ്ങോട്ടുമിങ്ങോട്ടും ആരോപണം ഉന്നയിക്കും, കുറ്റപ്പെടുത്തും. ചോദ്യങ്ങൾ അതുപോലെ നിലനിൽക്കുകയും ചെയ്യും. 

ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാകാത്തതാണ് മറുപടി പറയാത്തതെന്നാവും അമിത് ഷായും കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ആരോപണമുന്നയിക്കുക. ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അമിത് ഷാ മുങ്ങിയെന്ന് പ്രതിപക്ഷവും ഉന്നയിക്കും. വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാവുകയോ ചൂടാറാതെ നിലനിർത്തുകയോ ചെയ്താൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ എംപിമാരുടെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി കിട്ടിയേക്കും. അല്ലെങ്കിൽ കോടതി സർക്കാരിനെ മുൾമുനയിൽ നിറുത്തണം. ഇല്ലെങ്കിൽ എല്ലാ വിവാദങ്ങളെയും പോലെ പെല്ലറ്റ് പ്രയോ​ഗ വിവാദവും നനഞ്ഞുപോകും. പെല്ലറ്റുകൾ കയറിയ വിദ്യാർത്ഥികൾ ഇരകളായി അവശേഷിക്കുന്നതാവും ഈ ദുരന്തത്തിലെ ബാക്കിപത്രം. 

വിദ്യാർത്ഥി പ്രക്ഷോഭത്തിനൊപ്പം കത്തിപ്പടർന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ ഒരു മന്ത്രിയെ രാജിവയ്പിക്കുകയും മന്ത്രിസഭയിലെ പ്രധാനിയെ ചോദ്യമുനയിൽ നിറുത്തുകയും ചെയ്ത സമ്മേളനമായാണ് ഇത്തവണത്തെ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ഇനിയുള്ള സമ്മേളനങ്ങളിലും ഈ ആവേശം തുടരും. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത തിരിച്ചടികളിലും പ്രതിപക്ഷത്തെ ചില പാർട്ടികളെ വിഘടിപ്പിച്ചതിലുമുണ്ടായ ക്ഷീണത്തിൽ നിന്നാണ് ഈ ആവേശം വീണ്ടെടുത്തത്. നീറ്റ്, സിബിഎസ്ഇ ക്രമക്കേടുകളിൽ ബിജെപിക്കെതിരേ ഉയർന്ന യുവാക്കളുടെ കടുത്ത പോരാട്ടവും ഇതിന് ഊർജം പകർന്നു. 

എല്ലാ പാർലമെന്റ് സമ്മേളനങ്ങളിലേതു പോലെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കാനുള്ള വിഷയവുമായാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇത്തവണയും സമ്മേളനം അവസാനിപ്പിച്ചിരിക്കുന്നത്. എന്നാൽ, പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോൺ​ഗ്രസ് ഇനി ഏത് വിഷയത്തിന് പ്രധാന്യം നൽകുമെന്നതാണ് ചോദ്യം. കാരണം, സഭാ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച ഉന്നയിച്ച വിഷയം കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയ്ക്കെതിരേ ഉണ്ടായ ശുദ്ധികലശ പ്രശ്നവും ദളിത് അധിക്ഷേപവുമാണ്. 

ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില്‍ തന്റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം നടത്തിയ സംഭവമാണ് എഐസിസി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ചത്. ഹാല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് ഖാര്‍ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തത്. ഇതിനുശേഷം തിങ്കളാഴ്ച ശ്രീരാമ സേന ശുദ്ധികലശം നടത്തുകയും ചെയ്തു. സംഭവം വലിയ രാഷ്ട്രീയ വിവാദമായി. രാജ്യത്ത് ദലിതര്‍ക്ക് ഒരു സ്ഥാനവുമില്ലെന്നും മതത്തിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഖാർ​ഗെ വിഷയം അവതരിപ്പിച്ചതിന് പിന്നാലെ കോൺ​ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഹൈദരാബാദ് സർവകലാശാല വിദ്യാർഥിയായിരുന്ന രോഹിത് വെമൂല ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബിജെപിക്കെതിരേ രാജ്യത്താകമാനം കടുത്ത പ്രതിഷേധമുയർന്നിരുന്നു. ആ സംഭവത്തിന്റെ പത്താം വർഷത്തിലും ദളിതർക്കെതിരേയുള്ള പീഡനങ്ങൾ ബിജെപി- സംഘപരിവാർ സംഘടനകൾ തുടരുകയാണെന്നാണ് കോൺ​ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പത്ത് വർഷമായി അടിച്ചമർത്തി വെച്ചിരുന്ന വിഷയം വീണ്ടും സജീവമാക്കി എടുത്തു എന്ന് കോൺ​ഗ്രസിന് പറയാമെങ്കിലും ശ്രീരാമ സേനയെ കേന്ദ്രമന്ത്രി ജെ.പി. നദ്ദ തള്ളിപ്പറഞ്ഞതുപോലെ ഈ വിഷയവും കോൺ​ഗ്രസ് ഇനിയും നടത്താനിരിക്കുന്ന പ്രക്ഷോഭങ്ങളും എത്രത്തോളം എത്തുമെന്ന് കണ്ടറിയേണ്ടി വരും. അതിനിടെ, വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോ​ഗ വിഷയം ഇടയിലൂടെ ചോരാതെ നിലനിറുത്താനും പാടുപെടും.