ഡെറാഢൂൺ: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ 7 പേർ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 പേരിൽ 13 പേരെ പരിക്കുകളോടെ രക്ഷപെടുത്തി. രണ്ട് തൊഴിലാളികൾ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ടിഎച്ച്ഡിസി) ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 6.30ടെയായിരുന്നു സംഭവം. പ്രദേശത്ത് മിന്നൽപ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. സംഭവസമയം 22 തൊഴിലാളികളാണ് തുരങ്കത്തിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെയും പിന്നീട് പുറത്തെത്തിച്ചു. എന്നാൽ, ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും രക്ഷാദൗത്യത്തിനായി സ്ഥലത്തുണ്ട്. തുരങ്കത്തിനുള്ളിൽനിന്ന് മണ്ണും അവശിഷ്ടങ്ങളും നീക്കംചെയ്ത് കുടുങ്ങികിടക്കുന്ന രണ്ടുപേരെ കൂടി കണ്ടെത്താനാണ് ശ്രമം. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന തുരങ്കത്തിലേക്ക് വൈകുന്നേരം 6.30-ഓടെ വൻതോതിൽ അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതായി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് കുമാർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് തത്സമയ വിവരങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ധാമി പറഞ്ഞു.
"ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റ തൊഴിലാളികളുമായി ഞാൻ സംസാരിച്ചു; അവരുടെ നില തൃപ്തികരമാണ്. അപകടത്തിൽപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത ജാർഖണ്ഡ്, ഛത്തീസ്ഗഢ് സ്വദേശികൾക്ക് ഇവിടെ ചികിത്സ ലഭിക്കുന്നുണ്ടെന്ന വിവരം ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഞാൻ അറിയിച്ചിട്ടുണ്ട്" മുഖ്യമന്ത്രി പറഞ്ഞു.
ലോകം ഉറ്റുനോക്കിയ ഒരു രക്ഷാപ്രവർത്തനം
ഉത്തരാഖണ്ഡിലെ തുരങ്കങ്ങൾ തകരുന്നതും തൊഴിലാളികൾ കുടുങ്ങുന്നതുമായ അപകടങ്ങൾ നിരവധിയാണ് സംഭവിക്കുന്നത്. ലോകം ഉറ്റുനോക്കിയതും 17 ദിവസത്തോളം കടുത്ത ആശങ്കയുണ്ടാക്കിയതുമായ സിൽക്യാര ബെൻഡ്- ബാർകോട്ട് ടണൽ ദുരന്തം നടന്നത് ഉത്തരകാശി ജില്ലയിൽ 2023 നവംബർ 12നായിരുന്നു. നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും നീണ്ട 17 ദിവസത്തെ പരിശ്രമത്തിനൊടുവിൽ നവംബർ 28-ന് എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അവസാന ഘട്ടത്തിൽ റാറ്റ്-ഹോൾ മൈനേഴ്‌സ് അടങ്ങുന്ന വിദഗ്ധ സംഘം നേരിട്ട് തുരന്ന് കുഴൽ കടത്തിയാണ് രക്ഷാപ്രവർത്തനം വിജയത്തിലെത്തിച്ചത്.
ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്ക ദുരന്തം: നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു, 2 പേർ കുടുങ്ങിയ നിലയിൽ
