ഫീനിക്‌സ്: ഒരേ ഫ്ൈളറ്റ് നമ്പറില്‍ പ്രവര്‍ത്തിച്ച രണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രാ വിമാനങ്ങള്‍ ഫീനിക്‌സിന് മുകളില്‍ നേര്‍ക്കുനേരെത്തി. ഇത് കടുത്ത ആശങ്കയുണ്ടാക്കിയെങ്കിലും ജാഗ്രതയോടെ ഇടപെട്ട എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ സമയോചിത ഇടപെടലാണ് അപകട സാധ്യത ഒഴിവാക്കിയത്.
ആഗസ്റ്റ് 14 വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം. അരിസോണയിലെ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലെ വ്യോമമേഖലയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 2482 എന്ന പേരില്‍ രണ്ട് വിമാനങ്ങളാണ് ഒരേസമയം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതില്‍ ഒരു വിമാനം ഷിക്കാഗോയില്‍നിന്ന് ഫീനിക്‌സിലേക്ക് വരുന്നതും രണ്ടാമത്തേത് ഫീനിക്‌സില്‍നിന്ന് പുറപ്പെട്ടതുമായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷിക്കാഗോയില്‍നിന്നുള്ള വിമാനം വൈകിയതോടെ ഫീനിക്‌സില്‍നിന്നുള്ള സര്‍വീസിന് അമേരിക്കന്‍ എയര്‍ലൈന്‍സ് മറ്റൊരു വിമാനം ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇരു വിമാനങ്ങള്‍ക്കും ഒരേ ഫ്‌ളൈറ്റ് നമ്പറായ 2482 എന്നായിരുന്നു ഉപയോഗിച്ചിരുന്നത്.
ഇരു വിമാനങ്ങളുടെയും സഞ്ചാരപാതകള്‍ പരസ്പരം സംഗമിക്കുന്ന തരത്തിലായതോടെ അപകടസാധ്യത ഉയര്‍ന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ തങ്ങളുടേതായി തെറ്റിദ്ധരിച്ചിരുന്നെങ്കില്‍ കൂട്ടിയിടിക്കുള്ള സാധ്യതയുണ്ടായിരുന്നു.
സ്ഥിതിഗതികള്‍ കണ്‍ട്രോളര്‍ ഉടന്‍ തിരിച്ചറിഞ്ഞ് വിമാനങ്ങളെ വേര്‍തിരിച്ച് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. എത്തിച്ചേരുന്ന വിമാനത്തെ 'അമേരിക്കന്‍ 2482 അറൈവല്‍' എന്നും പുറപ്പെടുന്ന വിമാനത്തെ 'അമേരിക്കന്‍ 2482 ഡിപ്പാര്‍ച്ചര്‍' എന്നും വിളിച്ചാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
എത്തിച്ചേരുന്ന വിമാനം പുറപ്പെട്ട വിമാനത്തിന് മുകളിലൂടെ തുടരാന്‍ കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. പുറപ്പെട്ട വിമാനത്തോട് ഉയരം അമിതമായി വര്‍ധിപ്പിക്കരുതെന്നും നിര്‍ദേശിച്ചു. ഇതുവഴി ഇരു വിമാനങ്ങളുടെയും സഞ്ചാരപാതകള്‍ അടുത്തുവന്നപ്പോഴും ആവശ്യമായ ഉയരവ്യത്യാസം നിലനിര്‍ത്താനായി.
ഇരു വിമാനങ്ങളിലെയും പൈലറ്റുമാര്‍ക്ക് പരസ്പരം വിമാനങ്ങളെ കാണുന്നുവെന്ന് കണ്‍ട്രോളര്‍ ഉറപ്പാക്കുകയും ചെയ്തു. വിമാനങ്ങള്‍ തമ്മില്‍ നിരവധി മൈല്‍ അകലമുള്ളപ്പോഴായിരുന്നു ഇത്. ഇതോടെ ഇരുവിമാനങ്ങള്‍ക്കും സുരക്ഷിതമായ അകലം പാലിച്ച് സഞ്ചരിക്കാനായി.
