തിരുവനന്തപുരം: മുതിർന്നപൗരൻമാരുടെ പരിചരണവും അവകാശ സംരക്ഷണവും നിയമമാക്കുന്നതിനുള്ള ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഏതാനും അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളോടെ ബിൽ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടു വച്ച തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായ ഈ ബിൽ അവതരിപ്പിക്കുന്നത് തികഞ്ഞ അഭിമാനത്തോടെയാണെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി ബിൽ അവതരണത്തിലേക്കു കടന്നത്.
മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. വീട്ടിൽ നിന്ന് ഇറക്കിവിടുന്നതും കുറ്റകൃത്യമാണ്. ബിൽ അവതരിപ്പിച്ചതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായി പോയി എന്ന ചിന്ത ഉണ്ടാകരുത് എന്ന ലക്ഷ്യമാണ് വയോജന ബില്ലിനുള്ളത് എന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ മുഴുവൻ മുതിർന്ന പൗരൻമാരുടെയും ഡേറ്റ സർക്കാരിന്റെ കയ്യിലുണ്ട്. അതിൽ നിന്ന് പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനാകും. അവർക്ക് സംരക്ഷണവും അവകാശവും ഉണ്ടാകണം. വയോജനങ്ങൾക്ക് പരിചരണം നൽകാൻ കെയർഗീവേഴ്സ് കോഴ്സ് തുടങ്ങുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
മുതിർന്ന പൗരൻമാർക്ക് പൊലീസ് സ്റ്റേഷണുകളിൽ പ്രത്യേക പരിഗണന നൽകും. പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം ഉദ്യോഗസ്ഥൻ. സഹായം എത്തിക്കാൻ വയോജന അയൽപക്ക സൗഹൃദ ശ്യംഖല. മുതിർന്ന പൗരന്മാരുടെ പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വന്തം വീട്ടിൽ കഴിയാൻ ആഗ്രഹിച്ചാൽ എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. എല്ലാ പൊതുകെട്ടിടങ്ങളും മുതിർന്ന പൗരന്മാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ നിർമ്മിക്കും.
ഈ ബിൽ പാസാകുന്നതോടെ മുതിർന്ന പൗരൻമാരുടെ സംരക്ഷണ കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാകുകയാണ്. ഇന്ത്യയിൽ ആദ്യമായി മുതിർന്ന പൗരൻമാർക്ക് ഒരു പ്രത്യേക വകുപ്പുണ്ടാക്കിയത് കേരളമാണ്. തെരഞ്ഞെടുപ്പു കാലത്ത് കൊടുത്ത വാഗ്‌ദാനം എന്ന നിലയിൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതു സംബന്ധിച്ച ഒരു തീരുമാനം തത്വത്തിൽ എടുത്തു. ജനസംഖ്യാ പരമായി കേരളത്തിൽ വിലയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഡിമോഗ്രാഫിക് ഡിവിഡൻ്റ് എന്ന് നമ്മൾ അവകാശപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം ചുരുങ്ങുകയാണ്.
എസ്എസ്എൽസി പരീക്ഷ എത്ര കുട്ടികളെഴുതുന്നുണ്ട്, എത്ര കുട്ടികൾ ഒന്നാം ക്ലാസിൽ ചേരുന്നുണ്ട് എന്നു നോക്കിയാൽ ഈ വ്യത്യാസം അറിയാൻ സാധിക്കും. ഇതിനൊപ്പം വൻ തോതിൽ ചെറുപ്പക്കാർ പുറത്തേക്ക് വിദ്യാഭ്യാസത്തിനു മറ്റു കാര്യങ്ങൾക്കുമായി പോകുന്നു. അതേ സമയം നമ്മുടെ ആയുർ ദൈർഘ്യം വർധിക്കുകയുമാണ്. ബില്ലിലൂടെ കൊണ്ടു വരുന്ന മുതിർന്ന പൗരൻമാർക്കുള്ള വകുപ്പ് പൂർണമായും ക്ഷേമ കാര്യങ്ങൾക്കുള്ളതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അതിൽ ക്ഷേമം ഒരു ഘടകം മാത്രമാണ്. പ്രധാനം സിൽവർ ഇക്കോണമിയാണ്.60 വയസു കഴിഞ്ഞ ആളുകളുടെ ജീവിത പരിചയവും ജ്ഞാനവും നമ്മുടെ സമൂഹത്തിൻ്റെ പുരോഗതിക്കായി മാറ്റണം.
ജപ്പാനാണ് ഇക്കാര്യം പുരോഗമനപരമായി മാറ്റിയത്. ചില രാജ്യങ്ങളിൽ 60 കഴിഞ്ഞ അധ്യാപകരെ റിട്ടർ ചെയ്യാൻ അനുവദിക്കാറില്ല. അവരുടെ അറിവ് അടുത്ത തലമുറയിലേക്കു പകർന്നു കൊടുക്കാൻ കഴിഞ്ഞാൽ അത് രാജ്യത്തിനാകെയുള്ള നഷ്ടമായാണ് അവർ കണക്കാക്കുന്നത്. നമുക്ക് അതിനുകഴിയില്ല. പക്ഷേ അവരുടെ സേവനം നമുക്ക് പ്രയോജനപ്പെടുത്താനാകണം. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന സംരംഭകർക്ക് ആവശ്യമായ സാങ്കേതിക ജ്ഞാനം ഈ വിഭാഗത്തിൽ നിന്നു പ്രദാനം ചെയ്യാൻ നമുക്ക് സാധിക്കും.
ഇവരുടെ സേവനം സംസ്ഥാനത്തിനു വേണ്ടി പ്രയോജനപ്പെടുത്താൻ ന്യൂതനമായ ഒട്ടനവധി പദ്ധതികൾ സർക്കാർ തയ്യാറാക്കുകയാണ്. പലവിധ സഹായം ആവശ്യമുള്ളവരുടെ ഡേറ്റ സർക്കാർ തയ്യാറാക്കുകയാണ്. എല്ലാ വാർഡുകളിലും മുതിർന്ന പൗരൻമാരുടെ പരിചരണത്തിനായി അയൽക്കൂട്ടം മാതൃകയിൽ ഒരു യൂണിറ്റ് രൂപീകരിക്കും. ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കാണെന്ന തോന്നലില്ലാതാക്കണം. അവരുടെ സംരക്ഷണവും പരിചരണവും അവരുടെ അവകാശമാക്കി മാറ്റുകയാണ് ബില്ലിൻ്റെ ലക്ഷ്യം. അടുത്ത വർഷം മുതൽ പരിചരണം നൽകുന്ന ആളുകളെ സൃഷ്ടിക്കാനുള്ള ഒരു കോഴ്‌സ് ആരംഭിക്കും.
അതിനാവശ്യമായ സിലബസ് വിദഗ്‌ധരുടെ ഒരു ടീം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കോഴ്‌സ് കഴിഞ്ഞ് ഇന്റേൺഷിപ്പും പൂർത്തിയായി പുറത്തിറങ്ങുന്നവരെ പണമുള്ള ആളുകൾക്ക് നിയമിക്കാം. പണമില്ലാത്തവർക്ക് സർക്കാരും തദ്ദേശ സ്ഥാനങ്ങളും സിഎസ്ആർ ഫണ്ടും ഏകോപിപ്പിച്ചു കൊണ്ട് സഹായം എത്തിക്കാം. ഇതിന് സംസ്ഥാന തലത്തിൽ ഒരു സംവിധാനവും ജില്ലാ തലത്തിൽ ഒരു സൂപ്പർവൈസറി സംവിധാനവും ഉണ്ടായിരിക്കും.
ഇവരെ പരിചരിക്കുന്ന കേന്ദ്രങ്ങൾക്ക് യാതൊരു വിധ പരിശോധനകളും ഉണ്ടായിരിക്കില്ല. ബില്ല് പാസാക്കിയ ശേഷം ഒരു റോഡ് മാപ്പുണ്ടാക്കുകയും ഒരു സമയ പരിധി നിശ്ചയിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതാനും അംഗങ്ങളുടെ ഭേദഗതികളോടെ ബിൽ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. ഇനി സബ്‌ജക്‌ട് കമ്മിറ്റി പരിഗണിച്ച ശേഷം വീണ്ടും സഭയിൽ ചർച്ച ചെയ്‌ത് പാസാക്കി ഗവർണറുടെ പരിഗണയ്ക്കയക്കുകയും ഗവർണർ അംഗീകരിക്കുകയും ചെയ്യുന്നതോടെ ബിൽ നിയമാകും.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ
മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളാണ് പുതിയ നിയമത്തിൽ വിഭാവനം ചെയ്യുന്നത്. സ്വത്തോ മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളോ തട്ടിയെടുക്കാൻ ശ്രമിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. വയോജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകും.
ഇവരുടെ പരാതികൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും. ഇതിനുപുറമെ, അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനായി വയോജന അയൽപക്ക സൗഹൃദ ശൃംഖലയും രൂപീകരിക്കും. സൈബർ തട്ടിപ്പുകളിൽ നിന്ന് വയോജനങ്ങളെ സംരക്ഷിക്കാൻ അതിവേഗ നടപടിക്രമങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതാന്ത്യത്തിൽ നൽകേണ്ട ചികിത്സകൾ സംബന്ധിച്ച് മുൻകൂട്ടി തീരുമാനമെടുക്കാൻ സഹായിക്കുന്ന 'ലിവിങ് വിൽ' തയ്യാറാക്കാനുള്ള അവകാശവും നിയമം ഉറപ്പുനൽകുന്നു.
വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി; ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കാകരുത്, പരിചരണം വേണ്ടവരെ കണ്ടെത്തും
