അഴിമതിക്കാരെയാണോ സുപ്രധാന പദവികളിൽ ഇരുത്തുന്നത്? സർക്കാറിനോട് ചോദ്യവുമായി ഹൈക്കോടതി

അഴിമതിക്കാരെയാണോ സുപ്രധാന പദവികളിൽ ഇരുത്തുന്നത്? സർക്കാറിനോട് ചോദ്യവുമായി ഹൈക്കോടതി


കൊച്ചി: കോടികളുടെ കശുവണ്ടി അഴിമതി കേസിൽ വിചാരണ നേരിടുന്ന മുൻ എംഡി കെ.എ. രതീഷ്, ഖാദിബോ‍ർഡ്, റൂട്രോണികസ് എംഡി പദവികളിൽ ഇപ്പോഴും തുടരുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്രവും വലിയ അഴിമതിക്കാരനെയാണോ സുപ്രധാന പദവികളിൽ സർക്കാർ ഇരുത്തിയതെന്നും രതീഷിന്‍റെ നിയമനം എങ്ങനെ സാധ്യമാകുമെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബഞ്ച് നിർദേശിച്ചു.

600 കോടിയുടെ കശുവണ്ടി അഴിമിതിയിൽ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥൻ, അഴമതിയിൽ വിചാരണ നേരിടണമെന്ന് കോടതി പറയുകയും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകുകയും ചെയ്തിട്ടും കെ.എ. രതീഷ് മൂന്ന് സുപ്രധാന പദവികളിലാണ് തുടരുന്നത്. ഈ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.

ഖാദിബോർഡ്, റൂട്രോണികസ് എംഡി സ്ഥാനങ്ങൾക്ക് പുറമെ ഖാദി ക്ഷേമനിധി ബോ‍ഡ് ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ തസ്തികയിലും ഇയാൾ തുടരുകയാണെന്നും ഈ സ്ഥാനം വഹിക്കാൻ ഉദ്യോഗസ്ഥൻ യോഗ്യനല്ലെന്നുമായിരുന്നും ഹ‍ജിക്കാരന്‍റെ വാദം. ഇത്രയും വലിയ അഴിമതിക്കാരനെ ഈ പദവികളിൽ ഇരുത്തുന്നത് എങ്ങനെ എന്നായിരുന്നു സർക്കാറിനോടുള്ള കോടതിയുടെ ചോദ്യം. അഴിമതി നടത്താൻ നല്ല സാധ്യതയുള്ള പദവികളാണല്ലോ എന്നും കോടതി പരിഹസിച്ചു. ഗൗരവകരമായ ആരോപണങ്ങളാണ് രതീഷിനെതിരെയെന്ന് പറഞ്ഞ കോടതി ഈ നിയമനം എങ്ങനെ സാധ്യമായെന്നും ആരാഞ്ഞു.

2006 മുതൽ 2015 വരെയുള്ള കാലയളവിൽ തോട്ടണ്ടി ഇറക്കുമതി ചെയ്‌തതിലും സംസ്‌കരണത്തിനും കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ഈ കാലയളവിൽ 1400 കോടി രൂപയുടെ കശുവണ്ടി ഇറക്കുമതി ചെയ്‌തതിൽ ഏകദേശം 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തൽ.