വിഴിഞ്ഞം വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി; 'മുൻകൂർ അനുമതി ഇല്ലാതെയാണ് അദാനിയുടെ നീക്കം'

വിഴിഞ്ഞം വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി; 'മുൻകൂർ അനുമതി ഇല്ലാതെയാണ് അദാനിയുടെ നീക്കം'


തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ‍ഡി സതീശൻ. വിഴിഞ്ഞത്ത് അദാനി എംഎസ് സി ഓഹരി കൈമാറ്റ നീക്കം സർക്കാർ അറിഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് അയച്ച കത്തിനുള്ള മറുപടിയിൽ വിഡി സതീശൻ നിലപാട് ആവർത്തിച്ചു. മുൻകൂർ അനുമതിയില്ലാതെയുള്ള നീക്കത്തിൽ അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാർ വരും മുമ്പ് തന്നെ ഓഹരി കൈമാറ്റ നീക്കം തുടങ്ങിയിരുന്നു. ജൂൺ 5 ലെ ദേശാഭിമാനി വാർത്തയും മറുപടിയിൽ മുഖ്യമന്ത്രി എടുത്തുപറയുന്നു. എൽഡിഎഫ് സർക്കാർ കാലത്തെ നീക്കങ്ങൾ പിണറായി അറിയാതെ നടക്കില്ലെന്നും അന്നത്തെ നീക്കങ്ങൾ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ വന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ. ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങള്‍ ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും.