കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല ചർച്ചയിൽ അന്തിമ തീരുമാനമായില്ല. ഈ മാസം 20 ന് കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തി വീണ്ടും ചര്‍ച്ച നടത്തുമെന്ന് യോഗത്തിന് ശേഷം മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കമ്പനി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ഇത് കേവലം ഒരു പ്രദേശത്തു മാത്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയല്ല, ഇന്റര്‍നാഷണല്‍ കമ്പനിയാണ്. അതിനാല്‍ ആവശ്യത്തിന് വര്‍ക്ക് ലഭിക്കാത്തതിനാലാണ് നടപടിയെന്ന കമ്പനിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
800-ലധികം വരുന്ന ജീവനക്കാരുടെ ആശങ്കകൾക്കും കടുത്ത അനിശ്ചിതത്വങ്ങൾക്കുമിടയിൽ എറണാകുളം കളക്ട്രേറ്റിലാണ് അടിയന്തര യോഗം ചേർന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈനായാണ് ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിലെ തൊഴിലാളികളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സ്റ്റാറ്റസ്‌കോ പാലിച്ചുകൊണ്ട്, കമ്പനി ഇവിടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നും കമ്പനിയെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ഈ മാസം 20 ന് അറിയിക്കാമെന്നാണ് കമ്പനി അറിയിച്ചത്. അതുവരെ തൊഴിലാളികളെ കമ്പനിയില്‍ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കി.
കേരളത്തിലെ പ്രവർത്തനം നിലനിർത്താൻ സർക്കാർ എല്ലാവിധ സഹായങ്ങളും വാഗ്‌ദാനം ചെയ്തെങ്കിലും അടച്ചുപൂട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടിലാണ് കമ്പനി മാനേജ്മെൻ്റ്. ജോലിയില്ലാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നതെന്നാണ് അവരുടെ വാദം. എന്നാൽ ജീവനക്കാർ തൽക്കാലം വീട്ടിലിരിക്കട്ടെ എന്ന കമ്പനിയുടെ നിലപാടിനോട് സർക്കാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
നിലവിൽ നഷ്‌ട പരിഹാരമല്ല, മറിച്ച് തൊഴിൽ സുരക്ഷിതത്വമാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ കമ്പനി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് ഈ മാസം 20-ന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചു. അടുത്ത ചർച്ചയിൽ കമ്പനി അധികൃതർ നേരിട്ട് പങ്കെടുക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മന്ത്രിതല ചർച്ചയിലും തീരുമാനമായില്ല, ഇരുപതാം തീയതി വീണ്ടും ചർച്ച
