മാസപ്പടി കേസില്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി

മാസപ്പടി കേസില്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി


എറണാകുളം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. അനുമതി ഹർജിയിലെ നടപടികൾക്ക് ശേഷം അപ്പീലും പരിഗണിക്കാനുണ്ടല്ലോയെന്ന് കോടതി വ്യക്തമാക്കി. ഒപ്പം, അനുമതി ഹർജികൾ വിധി പറയാനായി ഹൈക്കോടതി മാറ്റുകയും ചെയ്തു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീൽ സാധ്യതകൾ പരിമിതമാണെന്ന് ഹൈക്കോടതി കേസ് പരിഗിണിക്കവേ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ നൽകിയ അപ്പീലുകൾ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിൻ്റെ സുപ്രധാന നിരീക്ഷണം. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഇതിനകം നടപ്പാക്കിക്കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

അപ്പീൽ സ്വീകരിക്കുന്നതിൽ ആദ്യം തീരുമാനമെടുക്കട്ടെ എന്നും അതിനുശേഷം അക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഹർജിക്കാരാണ് അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടത്. കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുതര കുറ്റമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ എതിര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

എഫ്ഐആറിനെ ചോദ്യം ചെയ്യണം

നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്നും എന്ത് പരിഹാരമാണ് ഇനി ആവശ്യപ്പെടാനാകുകയെന്നും ടി. വീണയോട് കോടതി ചോദിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെ ഇനി എതിർക്കാനാകില്ലെന്നും കേസെടുത്ത സാഹചര്യത്തിൽ എഫ്ഐആറിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കൃത്യമായ തെളിവുകളുണ്ടെങ്കിൽ പ്രതികളെ കേൾക്കേണ്ടതുണ്ടോയെന്നും കോടതി വാക്കാൽ ചോദിച്ചു. കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്നും ടി. വീണയുടെ ഐ.ടി കമ്പനിയായ എക്സാലോജിക്കിന് സേവനങ്ങൾ നൽകാതെ പണം ലഭിച്ചുവെന്നതാണ് മാസപ്പടി കേസിന് ആധാരമായ വിഷയം. ആദായനികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലുകളാണ് കേസിനാസ്പദമായത്. ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയതെന്നാണ് ആരോപണം.

അതേസമയം, ഹർജിയിലെ പിണറായിയുടെ വാദങ്ങളെ പിന്തുണച്ചുള്ള നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ ഹർജിയെ ഇഡി എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം.

ഹർജിക്കാരുടെ വാദങ്ങൾ

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത തീർത്തും അപരിചിതനായ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്ന് പിണറായി വിജയൻ്റെ അഭിഭാഷകൻ വാദിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.എം.ആർ.എൽ എന്ന കമ്പനിക്ക് ഏതെങ്കിലും തരത്തിൽ സഹായം ചെയ്തുകൊടുത്തതായി ഇ.ഡി പോലും പറയുന്നില്ലെന്നും പിണറായി വിജയൻ കോടതിയെ അറിയിച്ചു. മുൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പാണ് പിണറായി വിജയനും വീണയ്ക്കും വേണ്ടി കോടതിയിൽ ഹാജരായത്. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.

ഇഡിയുടെ എതിർപ്പ്

അപ്പീലുകളെ ഇഡി ഹൈക്കോടതിയിൽ ശക്തമായി എതിർത്തു. ടി. വീണയുടെയും മുഹമ്മദ് റിയാസിൻ്റെയും ഹർജികൾ നിലനിൽക്കില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപാണ് പ്രതികൾ അപ്പീൽ നൽകേണ്ടിയിരുന്നതെന്നും ഇഡി വ്യക്തമാക്കി. ഇഡി ഒരു അധികാരപ്പെട്ട ഏജൻസിയല്ലേയെന്നും അവരല്ലേ തെളിവുകൾ നൽകിയതെന്നും കോടതി ചോദിച്ചു. ഇതിനിടെ തങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി ഇഡി വാർത്താക്കുറിപ്പ് ഇറക്കുന്നതിനെതിരെ പിണറായി വിജയനും വീണയും റിയാസും രംഗത്തെത്തി.

അന്വേഷണ വിവരങ്ങൾ ഇഡി പരസ്യപ്പെടുത്തുന്നത് തങ്ങളുടെ സൽപ്പേരിനെ ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് കോടതിയെ സമീപിക്കേണ്ടതെന്നായിരുന്നു ഇ.ഡിയുടെ മറുപടി. നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കേസിൻ്റെ തുടർനടപടികളിൽ നിർണായകമാകും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും കേസിൽ സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.