ഡോ. റവ. ജെ ജയരാജ് സി എസ് ഐ ദക്ഷിണ കേരള മഹാഇടവക പാസ്റ്റർ ബോർഡ് സെക്രട്ടറി

ഡോ. റവ. ജെ ജയരാജ് സി എസ് ഐ ദക്ഷിണ കേരള മഹാഇടവക പാസ്റ്റർ ബോർഡ് സെക്രട്ടറി


തിരുവനന്തപുരം: സി എസ്ഐ  ദക്ഷിണ കേരളമഹാ ഇടവകയുടെ പാസ്റ്റർ ബോർഡ് സെക്രട്ടറിയായി ഡോ. റവ. ജെ ജയരാജ് സ്ഥാനമേറ്റു. തിരുവനന്തപുരം എൽ എം എസിൽ നടന്ന മഹാ ഇടവകയിലെ വൈദികരുടെയും കൗൺസിൽ അംഗങ്ങളുടെയും 
യോഗത്തിൽ വച്ചാണ് അദ്ദേഹം സ്ഥാനമേറ്റത്. 
സി എസ് ഐ മോഡറേറ്റർ കമ്മീസറിയും സി എസ് ഐ കോയമ്പത്തൂർ മഹായിടവകയിലെ ബിഷപ്പുമായ റൈറ്റ്. റവ. തിമോത്തി രവിന്ദർ  സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.  ഏകകണ്ഠേനയാണ് പാസ്റ്ററൽ  ബോർഡ് സെക്രട്ടറിയായി ഡോ. റവ.ജെ ജയരാജിനെ   തിരഞ്ഞെടുത്തത്. അഞ്ചുവർഷത്തോളമായി സഭയിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളുടെയും കേസുകളുടെയും പശ്ചാത്തലത്തിൽ  ഐകകണ്ഠേനയുള്ള പാസ്റ്ററൽ  ബോർഡ് സെക്രട്ടറിയുടെ   തിരഞ്ഞെടുപ്പ് സഭയ്ക്ക് പുതിയ ദിശാബോധം നൽകും. 
ദൗർഭാഗ്യകരമായ സംഭവങ്ങളെ തുടർന്ന് ഒരു വർഷത്തോളം  അടഞ്ഞുകിടന്നിരുന്ന മഹാ ഇടവകയുടെ ആസ്ഥാനം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത് സഭയെ കൂടുതൽ ഊർജ്ജസ്വലമാക്കും. സുപ്രീംകോടതി വരെയുള്ള നിരവധി കേസുകളുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം   മഹാ ഇടവകയുടെ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്. മഹാ ഇടവക സെക്രട്ടറിയായി ഡോ. ടി ടി പ്രവീണും വൈസ് ചെയർമാനായി റവ. പ്രിൻസൺ ബെൻ, ട്രഷററായി റവറന്റ് ക്രിസ്റ്റൽ ജയരാജ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിരുന്നു
സഭയിൽ രൂപപ്പെട്ടിരിക്കുന്ന ഐക്യത്തിന്റെ അന്തരീക്ഷത്തിൽ സഭയെ വലിയ നേട്ടങ്ങളിലേക്കു നയിക്കുവാനും വിശ്വാസികളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറാനും പുതിയ നേതൃത്വത്തിനു കഴിയുമെന്ന് ഡോ.റവ. ജയരാജ് അറിയിച്ചു.
ഒത്തൊരുമയോടെ എല്ലാവരുടെയും അഭിപ്രായങ്ങൾക്കും താൽപര്യങ്ങൾക്കും തുല്യപ്രാധാന്യം നൽകിയാവും സഭ മുന്നോട്ട് പോവുകയെന്ന് അദ്ദേഹം ഉറപ്പു നൽകി.
 തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 650ഓളം സഭാ ശുശ്രൂഷകന്മാർഉൾപ്പെടെ വിശ്വാസികളിൽ നിന്നും തിരഞ്ഞെടുത്ത  1200 ഓളം വരുന്ന അംഗങ്ങൾ അടങ്ങുന്ന മഹാ ഇടവക കൗൺസിലാണ് ഭാരവാഹികളെ  തെരഞ്ഞെടുത്തത്.  തിരുവനന്തപുരം വെള്ളറട സ്വദേശിയാണ് ഡോ.റവ. ജയരാജ്.
നിലവിലെ ബിഷപ്പ് കമ്മിസറി കൂടിയാണ്.
സി എസ് ഐ സഭയുടെ നിരവധി സ്ഥാപനങ്ങളുടെയും മൂവ്മെന്റുകളുടെയും നേതൃനിരയിൽ പ്രവർത്തിച്ചു വരുന്നു.
എസ് ഐ യു സി കൺവീനർ എന്ന നിലയിലും വിവിധ കമ്മീഷനുകളിലും കമ്മിറ്റികളിലും സഭയുടെ പ്രതിനിധി എന്ന നിലയിലും ഡോ.റവ. ജയരാജിന്റെ പ്രവർത്തനമികവ് സഭയ്ക്ക് മുതൽക്കൂട്ടാണ്.