പാലസ്തീനികളെ ഇസ്രായേൽ അന്യായമായി തടവിലാക്കിയിരിക്കുന്നെന്ന് പി സി എ ടി ഐ

പാലസ്തീനികളെ ഇസ്രായേൽ അന്യായമായി തടവിലാക്കിയിരിക്കുന്നെന്ന് പി സി എ ടി ഐ


ടെൽ അവീവ്: ഗാസാ പ്രദേശത്തുനിന്നുള്ള നിരവധി പാലസ്തീനികളെ യാതൊരു കാരണവുമില്ലാതെ ഇസ്രായേൽ   അന്യായമായി തടവിലാക്കിയിരിക്കുകയാണെന്ന് ഇസ്രായേലിലെ പബ്ലിക് കമ്മിറ്റി എഗെയിൻസ്റ്റ് ടോർചർ (പി സി എ ടി ഐ) റിപ്പോർട്ട്.

സൂര്യപ്രകാശം പോലും കാണാനാവാത്തതും, ആവശ്യമായ ആഹാരവും ജലവും ലഭിക്കാത്തതുമായ ഭൂഗർഭ ജയിലിലാണ് പാലസ്തീനികളെ അടച്ചത്. 

നിലവിൽ യാതൊരു കുറ്റവുമില്ലാതെ രണ്ടു സാധാരണ പൗരന്മാർ ജയിലിൽ  തടവിലിട്ടിരിക്കുകയാണെന്നും അവരുടെ കുടുംബങ്ങളോ അവർ തന്നെയോ പരസ്പരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നില്ല. ഇവരുടെ നിയമ സഹായം ഏറ്റെടുത്തിരിക്കുന്ന പി സി എ ടി ഐ അഭിഭാഷകർ പറയുന്നു. ജയിലിൽ ഇപ്പോൾ തടവിലായവരിൽ ഒരാൾ യൂണിഫോം ധരിച്ചിരുന്ന ഒരു നഴ്സും മറ്റൊരാൾ ചെറുകിട ഭക്ഷണവ്യാപാരിയുമാണ്.

ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയൻ റിപ്പോർട്ട് പ്രകാരം ഈ രണ്ടുപേരെയും 2025 ജനുവരിമുതൽ ഭൂഗർഭ ‘റകെഫെറ്റ്’ ജയിലിൽ അടച്ചിട്ടിരിക്കുകയാണ്. അവർ ജയിലിൽ മർദനങ്ങളും ജയിൽ അക്രമങ്ങളും നേരിടുകയാണ്.  

റകെഫെറ്റ് ജയിലിൻ്റെ ചരിത്രം 1980-കളിലാണ് ആരംഭിക്കുന്നത്. അന്ന് ഇസ്രായേലിലെ ഏറ്റവും അപകടകാരികളായ ക്രിമിനൽ സംഘാംഗങ്ങളെ ഇവിടെ തടവിലിട്ടിരുന്നു. എന്നാൽ, അന്യായമായ സാഹചര്യങ്ങൾ കാരണം 1985-ൽ ജയിലടച്ചു. എന്നാൽ 2023 ഒക്ടോബർ 7-നുണ്ടായ ആക്രമണത്തിന് ശേഷം, ഇസ്രായേലിന്റെ അതിവലതുപക്ഷ ആഭ്യന്തരസുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ ജയിൽ വീണ്ടും തുറക്കാൻ ഉത്തരവിടുകയായിരുന്നു.

ആദ്യകാലത്ത് ജയിലിൽ ഏറ്റവും സുരക്ഷിതരായ കുറച്ചു തടവുകാരെ മാത്രമേ വ്യക്തിഗത സെല്ലുകളിൽ അടച്ചിരുന്നുള്ളൂ. ജയിലടച്ചപ്പോൾ അന്ന് 15 തടവുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പി സി എ ടി ഐക്ക് ലഭിച്ച വിവരപ്രകാരം, ഏകദേശം 100 പേർ ഇവിടെ തടവിലുണ്ട്.

ഇസ്രായേൽ ഈ വർഷം ഒക്ടോബറിൽ സമാധാന ഉടമ്പടിയുടെ ഭാഗമായി കുറ്റാരോപണമില്ലാതെ തടവിലായിരുന്ന 1,700 പാലസ്തീനികളെ വിട്ടയച്ചിരുന്നു. എന്നാൽ ദ ഗാർഡിയൻ റിപ്പോർട്ട് പ്രകാരം, ഇപ്പോഴും കുറഞ്ഞത് 1,000 പേരെങ്കിലും യാതൊരു കുറ്റവുമില്ലാതെ തടവിൽ തുടരുകയാണ്.

യുദ്ധം ഔദ്യോഗികമായി അവസാനിച്ചിട്ടും ഗാസയിൽ നിന്നുള്ള പാലസ്തീനികൾ ഇപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെടുന്ന അന്യായമായ യുദ്ധസാഹചര്യങ്ങളിൽ തടവിലായിരിക്കുന്നു. ഇതുവഴി അന്തർദേശീയ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായും അതിനാൽ ഇത് പീഡനമായി കണക്കാക്കപ്പെടുകയും ചെയ്യുന്നുവെന്ന് പി സി എ ടി ഐ  പ്രസ്താവനയിൽ വ്യക്തമാക്കുന്നതായി ബ്രിട്ടീഷ് പത്രം റിപ്പോർട്ട് ചെയ്തു.