മൂന്ന് ബില്യന്‍ ഡോളര്‍ ചെലവില്‍ ന്യൂയോര്‍ക്കിലെ ജെ പി മോര്‍ഗന്റെ ആസ്ഥാനം തുറന്നു

മൂന്ന് ബില്യന്‍ ഡോളര്‍ ചെലവില്‍ ന്യൂയോര്‍ക്കിലെ ജെ പി മോര്‍ഗന്റെ ആസ്ഥാനം തുറന്നു


ന്യൂയോര്‍ക്ക്: ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ജെ പി മോര്‍ഗന്‍ ചേസ് ന്യൂയോര്‍ക്കിലെ 270 പാര്‍ക്ക് അവന്യൂവില്‍ നിര്‍മ്മിച്ച പുതിയ ആസ്ഥാനം തുറന്നു. ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ ചെലവില്‍ പൂര്‍ത്തിയായ ഈ ആകാശനഗരം ഒരു തലമുറയ്ക്കിടയില്‍ ന്യൂയോര്‍ക്കില്‍ ഉയര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

രണ്ടര മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള  കെട്ടിടം 47, 48 സ്ട്രീറ്റുകള്‍ക്കിടയിലെ മുഴുവന്‍ സിറ്റിബ്ലോക്കും ഉള്‍ക്കൊള്ളുന്നു. 1,388 അടി ഉയരമുള്ള ടവര്‍ ആര്‍ക്കിടെക്ചറല്‍ നവീനതയും സാങ്കേതിക സങ്കീര്‍ണ്ണതയും ഉള്‍പ്പെടെ ഏറെ ശ്രദ്ധേയമാണ്. 

ഈസ്റ്റ് മിഡ്ടൗണ്‍ മേഖലയിലെ വികസനത്തിന് നഗര ആസൂത്രണ വകുപ്പ് 2017-ല്‍ നടപ്പാക്കിയ പുതിയ സോണിങ് നിയമങ്ങളാണ് ഈ കെട്ടിടത്തിന് വഴിയൊരുക്കിയത്. പഴക്കം ചെന്ന ഓഫീസ് കെട്ടിടങ്ങളെ മാറ്റി പുതിയ ഉയരമുള്ള ആധുനിക ബിസിനസ് ടവറുകള്‍ പണിയാന്‍ നിയമങ്ങള്‍ അനുമതി നല്‍കി. പകരമായി, പൊതുപ്രയോജനത്തിനായി വിപുലമായ നടപ്പാതകളും തുറസ്സായ ഇടങ്ങളും സൃഷ്ടിക്കണമെന്ന നിബന്ധനയും ഉണ്ടായിരുന്നു.

2018-ല്‍ ജെ പി മോര്‍ഗന്‍ ചേസ് പഴയ യൂണിയന്‍ കാര്‍ബൈഡ് ബില്‍ഡിംഗ് പൊളിച്ച് അതിനേക്കാള്‍ ഇരട്ടിയോളം ഉയരമുള്ള പുതിയ ആസ്ഥാനമന്ദിരം പണിയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

സ്റ്റീല്‍ ഗര്‍ഡറുകള്‍ ഫാന്‍ രൂപത്തില്‍ പുറത്തേക്ക് നീട്ടളി കെട്ടിടത്തെ 80 അടി ഉയരത്തില്‍ ഉയര്‍ത്തിയശേഷമാണ് കെട്ടിടം തീര്‍ത്തത്. അതുകൊണ്ടുതന്നെ താഴെയുള്ള ഭാഗം വിശാലമായ പ്ലാസയായി മാറി.

ആര്‍ക്കിടെക്റ്റ് സ്ഥാപനമായ ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സ് രൂപകല്പന ചെയ്ത ഈ കെട്ടിടം ഹൈടെക് ആര്‍ക്കിടെക്ചറിന്റെ സവിശേഷതകളെ പുനര്‍നിര്‍വചിക്കുന്നു. സ്റ്റീല്‍ എക്‌സോസ്‌കെലെറ്റണ്‍, ഡയഗണല്‍ ബീമുകള്‍, ഭാരം- ശക്തി തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ഘടകങ്ങള്‍ ഫോസ്റ്ററിന്റെ മികവ് പ്രതിഫലിപ്പിക്കുന്നു.

കെട്ടിടത്തിന്റെ പാര്‍ക്ക് അവന്യൂ- മാഡിസണ്‍ അവന്യൂവിലേക്കുള്ള 290 അടി നീളമുള്ള പ്രധാന ലോബി അതിന്റെ ആകര്‍ഷകത്വത്തിന് മറ്റൊരു ചുവടാണ്. വി-ആകൃതിയിലുള്ള വെങ്കല ബീമുകള്‍, വിശാലമായ പടികള്‍, കേന്ദ്രഭാഗത്ത് പാറുന്ന അമേരിക്കന്‍ പതാക എന്നിവ അതിനെ ഔപചാരികതയും സാങ്കേതിക ഭംഗിയും ചേര്‍ന്ന ഇടമാക്കുന്നു.

സന്ദര്‍ശകര്‍ക്കു പ്രവേശനത്തിന് നിയന്ത്രണമുണ്ടെങ്കിലും അവര്‍ക്ക് ജര്‍മ്മന്‍ കലാകാരന്‍ ഗര്‍ഹാര്‍ഡ് റിച്ച്റ്ററിന്റെ വന്‍ പെയിന്റിംഗുകള്‍ അടങ്ങിയ വിശാലമായ ഹാള്‍ കാണാന്‍ അവസരമുണ്ട്.

കെട്ടിടം കേവലം ആഡംബരത്തിന്റെ പ്രതീകമല്ലെന്ന് ആര്‍ക്കിടെക്റ്റ് നോര്‍മന്‍ ഫോസ്റ്റര്‍ വ്യക്തമാക്കുന്നു. ഓഫീസ് പരിസരങ്ങളില്‍ ആരോഗ്യം, ശുദ്ധവായു, പ്രകാശം എന്നിവ ലഭ്യമാകുന്ന വിധം അടിസ്ഥാനമാക്കിയതായും അദ്ദേഹം പറഞ്ഞു.

ഈ കെട്ടിടത്തില്‍ 10,000 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കു സാധാരണ ഓഫിസുകളേക്കാള്‍ ഇരട്ടിയോളം ശുദ്ധവായുവും 30 ശതമാനം കൂടുതല്‍ പ്രകാശവും ലഭിക്കുന്നു. മേല്‍ക്കൂരകള്‍ ഉയര്‍ന്നതും ജനലുകള്‍ വലുതുമാണ്. ഈ കെട്ടിടം അതിന്റെ ഉയരത്തേക്കാള്‍ കൂടുതല്‍ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ഫോസ്റ്ററിന്റെ വാക്കുകളില്‍ മനുഷ്യാനുഭവത്തെ പരിഗണിക്കുന്നതാണു നല്ല ഡിസൈന്‍ എന്നതിനാല്‍  കെട്ടിടത്തിന്റെ ബാഹ്യ പടികളില്‍പോലും മൃദുവായ വളവുകളും സ്വാഭാവിക ചലനരേഖകളും ഉള്‍പ്പെടുത്തിയിരട്ടുണ്ട്. 

90 വയസുകാരനായ നോര്‍മന്‍ ഫോസ്റ്റര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബാക്രമണങ്ങള്‍ നേരിട്ട ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് വളര്‍ന്നത്. സാങ്കേതികതയോടുള്ള ആകര്‍ഷവും മനുഷ്യാവബോധവുമാണ് അദ്ദേഹത്തിന്റെ ഡിസൈന്‍ തത്വത്തിന്റെ അടിസ്ഥാനം.

ജെ പി മോര്‍ഗന്‍ ചേസിന്റെ പുതിയ ആസ്ഥാനമന്ദിരം ഒരു കോര്‍പ്പറേറ്റ് ടവറിനപ്പുറം നഗരജീവിതത്തിന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സിവിക് സ്മാരകമാണ്. കോവിഡ് കാലത്ത് ദൂരപ്രവര്‍ത്തനത്തിന്റെ കാലഘട്ടത്തില്‍ രൂപകല്പന ചെയ്തിട്ടും നഗരത്തിന്റെ ഹൃദയഭാഗത്ത് മനുഷ്യാത്മാവിനെയും ആധുനിക സാങ്കേതികവിദ്യയെയും ഒരുമിപ്പിക്കുന്ന പ്രതീകമായാണ് ഈ കെട്ടിടം മാറിയിരിക്കുന്നത്.