കോഴിക്കോട് രൂപതയെ അതിരൂപതയായും മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും നാളെ സ്ഥാനാരോഹണം നടത്തും. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തില്‍ ഞായറാഴ്ച വൈകീട്ട് 3 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. തന്റെ സ്ഥാനാരോഹണത്തെ ദൈവാനുഗ്രഹമായി കാണുന്നുവെന്ന് നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
മലബാറിലെ ലാറ്റിന്‍ സഭയുടെ മാതൃരൂപതയായ കോഴിക്കോട് രൂപത സ്ഥാപിതമായിട്ട് 102 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയത്. ശതാബ്ദി നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ഇരട്ടിമധുരമായി രൂപതാ അധ്യക്ഷന്‍ ഡോ വര്‍ഗീസ് ചക്കാലക്കലിനെ പ്രഥമ ആര്‍ച്ച് ബിഷപ്പായും നിയമിച്ചു.
കെസിബിസിയുടെയും സിബിസിഐയുടെയും ജനറല്‍ സെക്രട്ടറിയായിരുന്ന ബിഷപ്പ് നിലവില്‍ KRLCBC യുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയാണ്. ഒരു ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ ജനങ്ങളെ അറിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയായി തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
സഭ പാര്‍ട്ടിയുണ്ടാക്കുന്നതിനോട് യോജിപ്പില്ല
സഭ പാര്‍ട്ടി ഉണ്ടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. നമ്മള്‍ പാര്‍ട്ടി പൊളിറ്റിക്‌സില്‍ വിശ്വസിക്കുന്നില്ല. സഭ ഒരു പാര്‍ട്ടി ഉണ്ടാക്കുകയാണെങ്കില്‍ കുറേ ആളുകള്‍ പിന്തുണക്കില്ലെന്നും സഭ പാര്‍ട്ടി ഉണ്ടാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ചക്കാലക്കല്‍ പറഞ്ഞു. സഭയ്ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സഭയുടെ ഉന്നത പദവിയിലിരിക്കുന്നവരാണെന്നും ചക്കാലക്കല്‍ പറഞ്ഞു.
പുതിയ കോഴിക്കോട് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഞായറാഴ്ച സ്ഥാനാരോഹണം ചെയ്യും
