പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ബുധനാഴ്ച

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ബുധനാഴ്ച


പാലക്കാട് :  പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ആവേശകരമായ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും

ഒലവക്കോട് നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ഇടതു സ്ഥാനാര്‍ത്ഥി ഡോ. പി സരിനും, മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും ആരംഭിക്കും. ഇരട്ട വോട്ട്, കള്ളപ്പണ ആരോപണം തുടങ്ങി നിരവധി വിഷയങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ഉയര്‍ന്നത്.

പാലക്കാടിന് പുറമെ കൊട്ടക്കലാശത്തിന്റെ ചൂടിലാണ് മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്.

വിഭജിച്ചാല്‍ നശിക്കും എന്നര്‍ത്ഥം വരുന്ന 'ബാത്തേംഗേ തോ കാട്ടേംഗെ' എന്ന മുദ്രാവാക്യമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്. ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗം നേരിടുന്ന പ്രതിസന്ധികള്‍ നിലനില്‍ക്കെ ഹിന്ദുസമൂഹത്തോട് ഐക്യത്തോടെ നില്‍ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബിജെപിയുടെ താരപ്രചാരകനായ യോഗി പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനായിരുന്നു ഈ മുദ്രാവാക്യം പ്രയോഗിച്ചിരുന്നത്. ഭയപ്പെട്ടാല്‍ മരണമാണ് കാത്തിരിക്കുന്നത് എന്നായിരുന്നു ബിജെപി വാദത്തോട് കോണ്‍ഗ്രസിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ എന്‍സിപിയേയും ശിവസേനയേയും വിഭജിച്ച വിമത നേതാക്കളായ അജിത് പവാറും ഏക്നാഥ് ഷിന്‍ഡെയും മത്സരരംഗത്തുണ്ട് എന്നതാണ് തിരഞ്ഞെടുപ്പിലെ കൗതുകം.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ജാര്‍ഖണ്ഡില്‍ ഇന്ന് നടക്കും. വൈകീട്ട് ആറോടെയാണ് കൊട്ടിക്കലാശം. കൊട്ടിക്കലാശം അടുത്തതോടെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുകയാണ് എല്ലാ പാര്‍ട്ടികളും.