കേരളം സുരക്ഷിതമായ വിനോദ സഞ്ചാരത്തിന് പറ്റിയ ഇടമല്ലെന്ന് അമേരിക്കന്‍ ട്രാവല്‍ കമ്പനി

കേരളം സുരക്ഷിതമായ വിനോദ സഞ്ചാരത്തിന് പറ്റിയ ഇടമല്ലെന്ന് അമേരിക്കന്‍ ട്രാവല്‍ കമ്പനി


തിരുവനന്തപുരം : കേരളം പണ്ടുമുതല്‍ക്കേ വിനോദ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യകേന്ദ്രമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവരും വിദേശികളും കൂട്ടമായി എല്ലാ സീസണിലും കേരളത്തിലേക്ക് എത്താറുണ്ട്. എന്നാല്‍ സുരക്ഷിതമായ വിനോദ സഞ്ചാരത്തിന് കേരളം ഇപ്പോള്‍ പറ്റിയ ഇടമല്ലെന്നാണ് ഒരു അമേരിക്കന്‍ ട്രാല്‍ കമ്പനി പറയുന്നത്.

 ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങളും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി കേരളത്തെ 'നോ ലിസ്റ്റ് 2025' പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഈ അന്താരാഷ്ട്ര ഏജന്‍സി. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍മാരായ 'ഫോഡോഴ്‌സ് ട്രാവല്‍' എന്ന കമ്പനിയാണ് കേരളം വിനോദസഞ്ചാരത്തിന് സുരക്ഷിതമായ ഇടമല്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെ ലോകത്തെ 15 പ്രദേശങ്ങളാണു പട്ടികയിലുള്ളത്.

സമീപകാലത്തുണ്ടായ വയനാട് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളും കായലുകളിലെ മലിനീകരണ റിപ്പോര്‍ട്ടുകളും കമ്പനി ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. കമ്പനി നവംബര്‍ 13-ന് പ്രസിദ്ധീകരിച്ച 'നോ ലിസ്റ്റ്' പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സ്ഥലം കേരളമാണ്.

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലും കേരളത്തിലെ പുഴകളും ജലസ്രോതസ്സുകളും മലിനമാകുന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അമിതമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചെന്നും ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കൂടിയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.