പത്തനംതിട്ട: മലയാളി വൈദികന് ഇന്ത്യന്‍ ആര്‍മിയില്‍ മതാദ്ധ്യാപകനായി നിയമനം ലഭിച്ചു. പത്തനംതിട്ട മാത്തൂര്‍ സ്വദേശി ഫാ.ജിം എം ജോര്‍ജിനാണ് സേനയില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിച്ചത്. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ റാങ്കില്‍ റിലീജിയസ് ടീച്ചര്‍ തസ്തികയിലാണ് പ്രവേശനം. വൈദിക പദവിയില്‍ ഇരുന്ന് തന്നെ രാജ്യത്തിനായി സേവനം നല്‍കാമെന്നതാണ് പ്രത്യേകത. ഷിലോങിലെ അസം റെജിമെന്റിലാണ് പോസ്റ്റിങ്. 18 പേരില്‍ നിന്നാണ് ക്രിസ്ത്യന്‍ വിഭാഗത്തിലെ റിലീജിയസ് ടീച്ചറായി ഫാ. ജിം തിരഞ്ഞെടുക്കപ്പെട്ടത്. ഓര്‍ത്തഡോക്‌സ് സഭാംഗമായ ഫാ.ജിം നിലവില്‍ സഭയുടെ ബാലസമാജം ജനറല്‍ സെക്രട്ടറിയാണ്.
പട്ടാളക്കാരുടെ മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുക എന്നതാണ് റിലീജിയസ് ടീച്ചര്‍ അഥവ മത അദ്ധ്യാപകരുടെ ഉത്തരവാദിത്തം. എല്ലാ മതത്തിലെയും ഓരോ പുരോഹിതരെയും ഈ തസ്തികയില്‍ നിയമിക്കാറുണ്ട്. സേനാംഗങ്ങള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്, മോട്ടിവേഷന്‍ ഉള്‍പ്പടെ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കാണ്. പട്ടാളക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടി വരും.
ഏകദേശം ഒന്നര വര്‍ഷത്തെ നടപടികള്‍ക്ക് ശേഷമാണ് പ്രവേശനം പൂര്‍ത്തിയാകുന്നത്. പ്രാരംഭ റൗണ്ടില്‍ ഓണ്‍ലൈനില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ടെസ്റ്റ് ഉള്‍പ്പെടുന്നു. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ ശാരീരികവും വൈദ്യ പരിശോധനയും ഉണ്ട്. ഏറ്റവുമൊടുവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ബോര്‍ഡിന് മുന്നില്‍ അഭിമുഖം ഉള്‍പ്പെടുന്നു. ഇതില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ്. മുംബൈയില്‍ ഇനി മൂന്നു മാസത്തെ പരിശീലനത്തിന് ശേഷം ഗസ്റ്റഡ് റാങ്കിലാണ് നിയമനം.
മലയാളി വൈദികന് ഇന്ത്യന്‍ സേനയില്‍ മതാദ്ധ്യാപകനായി നിയമനം