അനധികൃതമായി വീട് വാടകയ്ക്ക് കൊടുത്തു; യു എസിലുള്ള ഉടമ വിവരമറിഞ്ഞത് വൈദ്യുതി ബില്‍ വന്നപ്പോള്‍

അനധികൃതമായി വീട് വാടകയ്ക്ക് കൊടുത്തു; യു എസിലുള്ള ഉടമ വിവരമറിഞ്ഞത് വൈദ്യുതി ബില്‍ വന്നപ്പോള്‍


കൊച്ചി: ഉടമ യു എസിലാണെങ്കിലും നാട്ടിലെ പൂട്ടിയിട്ട വീടിന് വന്നത് അയ്യായിരം രൂപയുടെ വൈദ്യുതി ബില്‍. തുക കൂടുതലാണെന്ന് കരുതി പരാതി കൊടുത്തപ്പോള്‍ മനസ്സിലായി, ഉപയോഗിച്ച വൈദ്യുതിക്കു തന്നെയാണ് കെ എസ് ഇ ബി പണം ഈടാക്കിയതെന്ന്. 

വൈറ്റില ജനത റോഡിലെ വീടിന്റെ ഉടമ അജിത് വാസുദേവന്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും തന്റെ വീട് ആരൊക്കെയോ ചേര്‍ന്ന് താമസിക്കാന്‍ ഉപയോഗിക്കുന്ന വിവരം കിട്ടാന്‍ വൈദ്യുതി ബില്‍ സഹായിച്ചു. 

വീടു പൂട്ടി അമേരിക്കയിലേക്ക് പോയ അജിത് വാസുദേവന്റെ ഗേറ്റിന്റേയും വീടിന്റേയും പൂട്ടുകള്‍ തല്ലിപ്പൊട്ടിച്ച് വാടകക്കാരെ കയറ്റിയത് അരൂര്‍ സ്വദേശി സുരേഷ് ബാബുവെന്നയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷ് ബാബുവിന് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക ലഭിക്കുന്ന വിധത്തില്‍ താമസക്കാര്‍ക്കായി അകത്ത് മുറികള്‍ വേര്‍തിരിച്ചിരുന്നു. അതിനായി തടിയും കോണ്‍ക്രീറ്റുമൊക്കെ യഥേഷ്ടം ഉപയോഗിച്ചിട്ടുമുണ്ട്. വീടിനകത്ത് പുതിയ പെയിന്റും അടിച്ചിട്ടുണ്ട്. 

തന്റെ വീടു നോക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് സുരേഷ് ബാബു പറയുന്നത്. എന്നാല്‍ വീടുപൂട്ടി അയല്‍വാസികളെ താക്കോല്‍ ഏല്‍പ്പിച്ചതല്ലാതെ ആരേയും വീടു നോക്കാന്‍ ഉത്തരവാദപ്പെടുത്തിയിട്ടില്ലെന്നാണ് അജിത് വാസുദേവന്‍ പറുയുന്നത്. 

രണ്ടു നിലകളുള്ള വീട്ടില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ താമസിക്കുന്നുണ്ട്. സംഗതി കേസായതോടെ താമസക്കാരോട് ഒഴിയാന്‍ മരട് പൊലീസ് നിര്‍ദ്ദേശിച്ചു.