കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിലും ദീര്‍ഘകാലം അധ്യാപകനായും മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സുറിയാനി വിഭാഗത്തിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.
1955 നവംബര്‍ 15ന് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കല്‍ കുര്യന്‍- ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ജനിച്ചത്. പാലാ രൂപതയില്‍ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സുറിയാനി ഭാഷയില്‍ ഡോക്ടര്‍ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടന്‍, ഓക്‌സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സര്‍വകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക മലയാളം ലിപി നിലവില്‍ വരുന്നതിനു മുന്‍പ് സുറിയാനി അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കര്‍ശോന്‍ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.
2025 സെപ്റ്റംബര്‍ 18ന് അന്ത്യോഖ്യയിലെ കത്തോലിക്ക പാത്രിയാര്‍ക്കീസ് ബാവ ഇഗ്‌നാത്തിയോസ് ജോസഫ് മൂന്നാമന്‍ 'സത്യവിശ്വാസത്തിന്റെ വിശ്രുത സംരക്ഷകനും ഭാരതത്തിന്റ വലിയ മല്പാനും' എന്ന പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചു. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി ഭാഷാ പണ്ഡിതരുടേയും അധ്യാപകനായിരുന്നു. അദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും വിദേശങ്ങളില്‍ ഉള്‍പ്പെടെ വിവിധ സര്‍വകലാശാകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും റഫറന്‍സ് ഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നു.
