മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു; എക്‌സാലോജികും അന്വേഷണ പരിധിയില്‍

മാസപ്പടി കേസില്‍ ഇഡി അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു; എക്‌സാലോജികും അന്വേഷണ പരിധിയില്‍


കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെടുന്ന മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിന് ഇടെയാണ് ഇ.ഡി നടപടി. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപിക്കുന്ന കേസാണ് അന്വേഷിക്കുന്നത്.

എക്‌സാലോജിക് ഉള്‍പ്പെടെ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. കൊച്ചി യൂണിറ്റിലാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ആരോപണം.

വീണയുടെ എക്‌സാലോജിക് കമ്പനി വലിയ സാമ്പത്തിക ഇടപാടു നടത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് നോട്ടിസ് അയച്ചിരുന്നു. കമ്പനി നിയമ പ്രകാരം ഇടപാടുകളുടെ രേഖകളെല്ലാം 15നകം ചെന്നൈ ഓഫിസില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.