സൗദിയിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന്; മൂന്നുപേര്‍ പിടിയില്‍

സൗദിയിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന്; മൂന്നുപേര്‍ പിടിയില്‍


കണ്ണൂര്‍: സൗദി അറേബ്യയിലേക്ക് പോകുന്ന യുവാവിനെ അയല്‍വാസി ഏല്‍പ്പിച്ച  അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസി അടക്കം മൂന്നുപേര്‍ പൊലീസ് പിടിയില്‍.
ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസി ജിസിന്‍ ഏല്‍പ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് അച്ചാര്‍ കുപ്പിയില്‍ ഒളിപ്പിച്ച നിലയിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് ജിസിന്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്നും 2.6 ഗ്രാം തൂക്കമുണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 
സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്തിയത് പിടിക്കപ്പെട്ടാല്‍ വധശിക്ഷയാണ് ലഭിക്കുക. സമാനമായ രീതിയില്‍ ചതിക്കപ്പെട്ട നിരപരാധികളായ നിരപവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.