തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്‍ഡിഎ വിട്ടു; ഇനി സ്റ്റാലിനൊപ്പമോ വിജയ്‌ക്കൊപ്പമോ എന്നതില്‍ അവ്യക്തത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്‍ഡിഎ വിട്ടു; ഇനി സ്റ്റാലിനൊപ്പമോ വിജയ്‌ക്കൊപ്പമോ എന്നതില്‍ അവ്യക്തത


ചെന്നൈ: കേന്ദ്ര ഭരണകക്ഷിയായ എന്‍ഡിഎ സഖ്യത്തിന് അപ്രതീക്ഷിത പ്രഹരം നല്‍കി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മുന്നണി വിട്ടു. എന്‍ഡിഎയില്‍ ഒപിഎസ് പക്ഷം ഒറ്റപ്പെടുന്നുവെന്ന് തോന്നലാണ് നാടകീയമായ പിന്മാറ്റത്തിന് കാരണമെന്നാണ് വിവരം. എഐഡിഎഡിഎംകെ കേഡര്‍ റൈറ്റസ് റിട്രീവല്‍ കമ്മിറ്റി എന്നായിരുന്നു പനീര്‍ശെല്‍വം നയിച്ചിരുന്ന വിഭാഗം അറിയപ്പെട്ടിരുന്നത്. ഈ വിഭാഗമാണ് ഇപ്പോള്‍ എന്‍ഡിഎ പക്ഷം വിട്ടിരിക്കുന്നത്.

മുന്‍ മന്ത്രിയും ഒപിഎസിന്റെ ദീര്‍ഘകാല വിശ്വസ്തനുമായ പന്‍രുട്ടി എസ് രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി നയിക്കുന്ന എന്‍ഡിഎയുമായുള്ള സഖ്യം ഒപിഎസ് അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒപിഎസ് ഉടന്‍ തന്നെ സംസ്ഥാന വ്യാപകമായി ഒരു പര്യടനം ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിലവില്‍, ഒരു പാര്‍ട്ടിയുമായും സഖ്യമില്ല. ഭാവിയില്‍, തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ സഖ്യത്തെക്കുറിച്ച് ഞങ്ങള്‍ തീരുമാനമെടുക്കുമെന്നും പന്‍രുട്ടി എസ് രാമചന്ദ്രന്‍ പറഞ്ഞു.

ഇ പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ പക്ഷം തിരികെ എത്തുന്നതിന് പിന്നാലെ താന്‍ സഖ്യത്തില്‍ തഴയപ്പെടുകയാണെന്ന തോന്നല്‍ പനീര്‍ശെല്‍വത്തിന് ശക്തിപ്പെട്ടിരുന്നു. ഇത് തന്നെയാണ് നിയസഭാ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് തന്നെയുള്ള ഒപിഎസ് പക്ഷത്തിന്റെ പിന്മാറ്റത്തിനും കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രഭാത നടത്തത്തിന് പനീര്‍ശെല്‍വം പോയിരുന്നു. പിന്നാലെയായിരുന്നു എന്‍ഡിഎയില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. ഇത് ഡിഎംകെക്ക് ഒപ്പം കൈക്കോര്‍ക്കാനുള്ള നീക്കമാണോ എന്ന് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിജയ്-യുടെ ടിവികെക്കൊപ്പം ഒപിഎസ് പക്ഷം ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ സമയമാകുമ്പോള്‍ എല്ലാം അറിയുമെന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ മറുപടി.

രണ്ട് ദിവസത്തിന് മുന്‍പ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയപ്പോഴും പനീര്‍ശെല്‍വം കാണാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ലഭിച്ചിരുന്നില്ല. സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് കേന്ദ്രം തടഞ്ഞുവെക്കുന്നതിനെതിരെയും പനീര്‍ശെല്‍വം വിമര്‍ശനമുയര്‍ത്തിയിരുന്നു. പിന്നാലെ സഖ്യം വിടാന്‍ പോകുന്നുവെന്ന പ്രചാരം ശക്തിപ്പെട്ടിരുന്നു.