ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം. ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയാണ് സ്‌പെഷ്യല്‍ പ്ലബിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കേസ് ഡയറി പരിശോധിച്ചതിനു ശേഷം മാത്രമേ ജാമ്യപേക്ഷ പരിഗണിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ബിലാസ്പുരിലെ എന്‍ ഐ എ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാന്‍ സഭാനേതൃത്വം തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതിയുടെ ഭാഗം വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസാണ് കന്യാസ്ത്രീകള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാവുക. കന്യാസ്ത്രീകളുടെ ആരോഗ്യനിലയുള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്താനാണ് തീരുമാനം.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രി, ബി ജെ പി കേരള സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഛത്തീസ്ഗഢില്‍ നടന്ന സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി അമിത്ഷാ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ എന്‍ ഐ എ കോടതിയിലുള്ള വിഷയത്തില്‍ കേന്ദ്രനിര്‍ദേശം പാലിച്ചാകും നടപടികളെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവും കന്യാസ്ത്രീകളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് നല്‍കിയ നോട്ടീസുകള്‍ സര്‍ക്കാര്‍ തള്ളി.