അമിത് ഷായെ അമിതമായി വിശ്വസിച്ചത് തെറ്റായിപ്പോയി: മാര്‍ ജോസഫ് പാംപ്ലാനി

അമിത് ഷായെ അമിതമായി വിശ്വസിച്ചത് തെറ്റായിപ്പോയി: മാര്‍ ജോസഫ് പാംപ്ലാനി


തലശ്ശേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ അമിതമായി വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഛത്തിസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാന സര്‍ക്കാര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം ഉറപ്പുവരുത്തുമെന്നുമാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍, സര്‍ക്കാരിന്റെ വക്കീല്‍ കന്യാസ്ത്രീകള്‍ ജാമ്യമില്ലാ കുറ്റം ചെയ്തുവെന്ന് കോടതിയില്‍ പറഞ്ഞതോടെ സ്ഥിതി മാറി. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ നിക്ഷിപ്ത താത്പര്യമുണ്ടെന്നാണ് അര്‍ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കന്യാസ്ത്രീകള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാജ്യത്തിനു മുഴുവന്‍ ബോധ്യപ്പെട്ടിട്ടും അവരെ പുറത്തുവിടുന്നില്ല. ക്രൈസ്തവര്‍ ഇതുവരെ ആരെയും നിര്‍ബന്ധിച്ചു മതം മാറ്റിയിട്ടില്ല. തുറുങ്കിലടച്ച കന്യാസ്ത്രീകളെ പോലുള്ളവരെ പീഡിപ്പിക്കാനാണ് നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം കൊണ്ടു വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണകൂടം തെറ്റ് ചെയ്തെന്ന് പറഞ്ഞ് തെരുവില്‍ ഇറങ്ങിയപ്പോള്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കളിയാക്കുകയാണ്. ഇവരെ ചില ക്രൈസ്തവ ഗ്രൂപ്പുകളും പിന്തുണയ്ക്കുന്നുണ്ട്. ഇത്തരക്കാരോട് ഇരിക്കുന്ന കൂട്ടില്‍ കാഷ്ഠിക്കരുതെന്നു മാത്രമാണ് പറയാനുള്ളതെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.