പൊതുമാധ്യമങ്ങള്‍ക്കുള്ള ഫെഡറല്‍ ധനസഹായം കോണ്‍ഗ്രസ് മരവിപ്പിച്ചു; കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് അടച്ചുപൂട്ടുന്നു

പൊതുമാധ്യമങ്ങള്‍ക്കുള്ള ഫെഡറല്‍ ധനസഹായം കോണ്‍ഗ്രസ് മരവിപ്പിച്ചു; കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് അടച്ചുപൂട്ടുന്നു


വാഷിംഗ്ണ്‍: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്ന പൊതുമേഖലയിലെ മാധ്യമ സ്ഥാപനങ്ങളായ എന്‍പിആറിനും പിബിഎസിനും ഫെഡറല്‍ ഫണ്ടുകള്‍ നല്‍കുന്ന കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തുടങ്ങുകയാണെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2027 സാമ്പത്തിക വര്‍ഷം വരെ പൊതു പ്രക്ഷേപണത്തിനുള്ള 1.1 ബില്യണ്‍ ഡോളര്‍ ഫണ്ട് തിരികെ നല്‍കുന്ന നിയമത്തില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. 

വൈറ്റ് ഹൗസ് അഭ്യര്‍ത്ഥിച്ച 9 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കല്‍ പാക്കേജിന്റെ ഭാഗമായി പൊതു പ്രക്ഷേപണത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കലിന് കഴിഞ്ഞ നടന്ന വോട്ടെടുപ്പില്‍ മാസം ഭരണകക്ഷിയിലെ ഭൂരിപക്ഷം അംഗങ്ങളും അംഗീകാരം നല്‍കിയിരുന്നു. അതില്‍ വിദേശ സഹായത്തിനുള്ള ഫണ്ടുകളുടെ വെട്ടിക്കുറയ്ക്കലും ഉള്‍പ്പെടുന്നു. അടുത്ത ബജറ്റ് വര്‍ഷത്തേക്ക് കുറച്ച് പണമെങ്കിലും നിയമ നിര്‍മ്മാതാക്കള്‍ പുനഃസ്ഥാപിക്കുമെന്ന് പൊതു മാധ്യമ ഉദ്യോഗസ്ഥര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും, ആ നിര്‍ദ്ദേശം സെനറ്റ് അപ്രോപ്രിയേഷന്‍ കമ്മിറ്റി വ്യാഴാഴ്ച തള്ളി.

'സിപിബിക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയും എഴുതുകയും നിവേദനം നല്‍കുകയും ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അസാധാരണമായ ശ്രമങ്ങള്‍ നടത്തിയിട്ടും, ഒന്നും ഫലം കണ്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ പ്രയാസകരമായ യാഥാര്‍ത്ഥ്യത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നും സിപിബി പ്രസിഡന്റും സിഇഒയുമായ പട്രീഷ്യ ഹാരിസണ്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. 'സുതാര്യതയോടും കരുതലോടും കൂടി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനും ഈ പരിവര്‍ത്തനത്തിലൂടെ ഞങ്ങളുടെ പങ്കാളികളെ പിന്തുണയ്ക്കുന്നതിനും സിപിബി പ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

'രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വിദ്യാഭ്യാസ അവസരം, അടിയന്തര മുന്നറിയിപ്പുകള്‍, ആഭ്യന്തര ചര്‍ച്ചകള്‍, സാംസ്‌കാരിക ബന്ധം എന്നിവ നല്‍കുന്നതുള്‍പ്പെടെ അമേരിക്കന്‍ ജീവിതത്തിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളിലൊന്നാണ് പൊതുമാധ്യമങ്ങളെന്ന് ഹാരിസണ്‍ പറഞ്ഞു.

2025 സെപ്റ്റംബര്‍ 30 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഭൂരിഭാഗം സ്റ്റാഫ് തസ്തികകളും ഇല്ലാതാക്കുമെന്ന് സിപിബി ജീവനക്കാരെ അറിയിച്ചു. 'പൊതുമാധ്യമ സംവിധാനത്തിന് അനിവാര്യമായി നിലനില്‍ക്കുന്ന സംഗീത അവകാശങ്ങളുടെയും റോയല്‍റ്റികളുടെയും തുടര്‍ച്ച ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റല്‍, സാമ്പത്തിക വിതരണങ്ങള്‍, പരിഹാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍' ഒരു ചെറിയ സംഘം ജനുവരി വരെ തുടരുമെന്ന് സിപിബി പ്രസ്താവനയില്‍ പറഞ്ഞു.

ഏകദേശം 60 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് സിപിബിക്ക് ധനസഹായം നല്‍കാന്‍ വിസമ്മതിക്കുന്നത് ഇതാദ്യമാണെന്ന് ഹാരിസണ്‍ അഭിപ്രായപ്പെട്ടു. പ്രോഗ്രാമിംഗിനും അടിയന്തര മുന്നറിയിപ്പുകള്‍ക്കുമായി രാജ്യവ്യാപകമായി പൊതുമാധ്യമ സ്‌റ്റേഷനുകളിലേക്ക് ഫെഡറല്‍ പണം എത്തിക്കുന്നതിനാണ് സ്വകാര്യ ലാഭേച്ഛയില്ലാത്ത കോര്‍പ്പറേഷന്‍ രൂപീകരിച്ചത്.

സിപിബിയുടെ അടച്ചുപൂട്ടല്‍ പ്രഖ്യാപനം പൊതുമാധ്യമ മേഖലയിലുള്ളവരില്‍ ഞെട്ടലും ദുഃഖവും ഉളവാക്കി. 

'പൊതുജനങ്ങളെ സേവിക്കുന്നതിനായി സ്ഥാപിതമായ ഈ പ്രത്യേക സ്ഥാപനം അടച്ചുപൂട്ടുന്ന ഒരു ദിവസത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന്  ന്യൂയോര്‍ക്കിലെ അപ്‌സ്‌റ്റേറ്റിലെ എന്‍പിആര്‍ അഫിലിയേറ്റായ റേഡിയോ ക്യാറ്റ്‌സ്‌കില്ലിന്റെ ജനറല്‍ മാനേജര്‍ ടിം ബ്രൂണോ പറഞ്ഞു. 

ഈ വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍, ഫെഡറല്‍ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍ പ്രതീക്ഷിച്ച് ചില സ്‌റ്റേഷനുകള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിരുന്നു. ബുധനാഴ്ച, പിറ്റ്‌സ്ബര്‍ഗില്‍ ഒരു ടിവി സ്‌റ്റേഷനും ക്ലാസിക്കല്‍ റേഡിയോ സ്‌റ്റേഷനും നടത്തുന്ന WQED  അവരുടെ ജീവനക്കാരില്‍ 35% പേരെ പിരിച്ചുവിടാന്‍ പദ്ധതിയിടുകയാണ്.

അതേസമയം വെട്ടിക്കുറയ്ക്കലുകള്‍ക്ക് മറുപടിയായി തങ്ങള്‍ക്കുള്ള സംഭാവനകളില്‍ വലിയ വര്‍ദ്ധനവ് കാണുന്നുണ്ടെന്ന് നാഷ്‌വില്ലെ പബ്ലിക് മീഡിയ, ലൂയിസ്‌വില്ലെ പബ്ലിക് മീഡിയ, സിയാറ്റിലിലെ KUOW എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബ്രോഡ്കാസ്റ്റര്‍മാര്‍ പറയുന്നു.

പൊതു മാധ്യമങ്ങള്‍ പ്രത്യേകിച്ച് എന്‍പിആര്‍ റിപ്പബ്ലിക്കന്മാരോട് അനീതി കാണിക്കുകയും നികുതിദായകരുടെ പണം പാഴാക്കുകയും ചെയ്യുന്നുവെന്നാണ് ട്രംപും കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ സഖ്യകക്ഷികളും വാദിക്കുന്നത്. എന്നാല്‍ ആ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് എന്‍പിആറും പിബിഎസും പറയുന്നത്. 

മോര്‍ണിംഗ് എഡിഷന്‍, ഓള്‍ തിംഗ്‌സ് കണ്‍സിഡേര്‍ഡ് തുടങ്ങിയ വാര്‍ത്താ പരിപാടികള്‍ നിര്‍മ്മിക്കുന്ന എന്‍പിആര്‍, അതിന്റെ ബജറ്റിന്റെ ഒരു ചെറിയ ഭാഗത്തിന് മാത്രമേ നേരിട്ടുള്ള ഫെഡറല്‍ ഫണ്ടുകളെ ആശ്രയിക്കുന്നുള്ളൂ. എന്നാല്‍ അതിന്റെ ഏകദേശം 1,000 അംഗ സ്‌റ്റേഷനുകള്‍ക്ക് അവരുടെ പ്രവര്‍ത്തന വരുമാനത്തിന്റെ വലിയൊരു ഭാഗം സിപിബി വഴിയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും ദരിദ്ര പ്രദേശങ്ങളിലുമുള്ളവര്‍ സിപിബി ഗ്രാന്റുകളെയാണ് ആശ്രയിക്കുന്നത്. രാത്രിയിലെ പിബിഎസ് ന്യൂസ് അവറും ഡാനിയേല്‍ ടൈഗേഴ്‌സ് നെയ്ബര്‍ഹുഡ് പോലുള്ള കുട്ടികളുടെ പ്രോഗ്രാമിംഗും ഉപയോഗിച്ച്, പിബിഎസിനും  അതിന്റെ അംഗ സ്‌റ്റേഷനുകള്‍ക്കും ഫെഡറല്‍ പണത്തില്‍ നിന്ന് ഏകദേശം 15% ലഭിക്കുന്നുണ്ട്.

'ഈ അടച്ചുപൂട്ടലിന്റെ അലയൊലികള്‍ എല്ലാ പൊതു മാധ്യമ സ്ഥാപനങ്ങളിലും, അതിലും പ്രധാനമായി, പൊതു പ്രക്ഷേപണത്തെ ആശ്രയിക്കുന്ന രാജ്യത്തുടനീളമുള്ള എല്ലാ സമൂഹത്തിലും അനുഭവപ്പെടുമെന്ന് എന്‍പിആര്‍ പ്രസിഡന്റും സിഇഒയുമായ കാതറിന്‍ മഹര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

'രാജ്യത്തുടനീളമുള്ള പ്രാദേശിക ഉടമസ്ഥതയിലുള്ള, ലാഭേച്ഛയില്ലാത്ത പൊതു റേഡിയോ സ്‌റ്റേഷനുകളെയും പ്രാദേശിക പത്രപ്രവര്‍ത്തനത്തെയും പിന്തുണയ്ക്കാന്‍ മുന്നോട്ട് വരിക, പൊതു മാധ്യമങ്ങളുടെ സാര്‍വത്രിക സേവന വാഗ്ദാനം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുക, നമ്മുടെ രാജ്യത്തിന്റെ സേവനത്തില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനും സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കുക' എന്നിവയിലൂടെ എന്‍പിആര്‍ പ്രതികൂല സാഹചര്യത്തെ നേരിടുമെന്ന് അവര്‍ പറഞ്ഞു. പ്രതിസന്ധിയിലായ പ്രാദേശിക സ്‌റ്റേഷനുകളെ സഹായിക്കുന്നതിന് നെറ്റ്‌വര്‍ക്ക് അതിന്റെ ബജറ്റില്‍ നിന്ന് 8 മില്യണ്‍ ഡോളര്‍ എടുക്കുമെന്ന് അവര്‍ വ്യക്തമാക്കി.

വാഷിംഗ്ടണിലെ റിപ്പബ്ലിക്കന്‍മാര്‍ പൊതു മാധ്യമങ്ങള്‍ പക്ഷപാതപരമാണെന്ന് ആരോപിച്ചിട്ടുണ്ടെങ്കിലും, മിക്ക അമേരിക്കക്കാരും ഇപ്പോഴും പൊതു പ്രക്ഷേപണത്തെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഒരു ഹാരിസ് പോള്‍ കണ്ടെത്തിയത്, 66% അമേരിക്കക്കാരും പൊതു റേഡിയോയ്ക്കുള്ള ഫെഡറല്‍ ഫണ്ടിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. അത്രതന്നെ ആളുകള്‍ പൊതുമാധ്യമ സംവിധാനത്തിന്റെ മികച്ച മൂല്യത്തെയും അംഗീകരിക്കുന്നു. റിപ്പബ്ലിക്കന്‍മാരില്‍ 58% പേരും ഡെമോക്രാറ്റുകളില്‍ 77% പേരും ഓണ്‍ലൈനായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പൊതുമാധ്യമ സംവിധാനത്തെ പിന്തുണച്ചു. 2,089 മുതിര്‍ന്ന യു.എസ്. പൗരന്മാരാണ് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്തത്.

പൊതുമാധ്യമങ്ങള്‍ക്കുള്ള ഫെഡറല്‍ ധനസഹായം കോണ്‍ഗ്രസ് മരവിപ്പിച്ചു; കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് അടച്ചുപൂട്ടുന്നു