പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്; കന്യാസ്ത്രീകളുടെ ജാമ്യ വ്യവസ്ഥകള്‍

പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്; കന്യാസ്ത്രീകളുടെ ജാമ്യ വ്യവസ്ഥകള്‍


ബിലാസ്പുര്‍ : ഛത്തിസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ രാജ്യം വിട്ടു പോവരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ നിര്‍ദേശം. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളിലാണ് എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ഇവര്‍ക്കു ജാമ്യം നല്‍കിയത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യവും വേണം. ഇവര്‍ ഇന്നു തന്നെ ജയില്‍ മോചിതരാവുമെന്നാണ് സൂചന.

മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ ആദിവാസി യുവാവ് സുകമാന്‍ മാണ്ഡവിക്കും കോടതി ജാമ്യം അനുവദിച്ചു. ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ജൂലൈ 25ന് റെയില്‍വേ പൊലീസാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. നാരായണ്‍പുരില്‍ നിന്നുള്ള മൂന്നു പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം മതംമാറ്റി കടത്താന്‍ ശ്രമിക്കുന്നുവെന്ന, ബജരംഗ്ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ലെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു. ഇപ്പോള്‍ കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചിരിക്കുന്നു. അതിനുള്ള നിയമനടപടികളാണ് നടന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പെണ്‍കുട്ടികളെ വീടുകളിലേക്കു തിരിച്ചയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ, ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ നാരായണ്‍പുര്‍ എസ്പിയെ സമീപിച്ചു. പൊലീസ് ആസ്ഥാനത്തെത്തിയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. ബജരംഗ്ദളുകാര്‍ തങ്ങളെ കൈയേറ്റം ചെയ്തതായി പരാതിയില്‍ പറയുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ ബജരംഗ്ദള്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയിലുണ്ട്.

കന്യാസ്ത്രീകളുടെ അറസ്റ്റ് വലിയ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. കേരളത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി രംഗത്തുവന്നു. ക്രിസ്ത്യന്‍ സഭകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.