ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കമ്മിഷനെതിരെ രാഹുല്‍ ഗാന്ധി ആക്രമണം ശക്തമാക്കി. രാഹുല്‍ ഗാന്ധിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കമ്മിഷനെതേരെ രംഗത്തെത്തി.
തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കളിപ്പാവയായെന്നാണ് ഖാര്‍ഗെയുടെ ആരോപണം. ബിഹാറില്‍ 65 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്താക്കിയെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു സംവിധാനം മരിച്ചെന്നും 2024 തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതാണെന്നും രാഹുല്‍ ആരോപിച്ചു. 2014 മുതല്‍ എന്തോ കുഴപ്പമുണ്ടെന്നു തനിക്കു തോന്നിയിരുന്നെന്നാണ് രാഹുലില്‍ പറയുന്നത്. കണക്കുകള്‍ ശരിയാകുന്നില്ലെന്നും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏകപക്ഷീയ വിജയങ്ങളെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്നും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമൊന്നും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കുന്നില്ലെന്നതില്‍ തനിക്കതില്‍ അത്ഭുതം തോന്നിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി നേരിയ ഭൂരിപക്ഷത്തിനാണ് ആ കസേരയിലെത്തിയത്. ഏതാനും സീറ്റുകളില്‍ മാറ്റമുണ്ടായെങ്കില്‍ അദ്ദേഹം അവിടെയെത്തില്ലായിരുന്നു.
70 മുതല്‍ 80 വരെ സീറ്റുകളില്‍ കൃത്രിമം നടന്നതായി സംശയമുണ്ട്. എങ്ങനെ കൃത്രിമം കാണിക്കാമെന്നും കാണിച്ചെന്നും വരും ദിവസങ്ങളില്‍ തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 6.5 ലക്ഷത്തില്‍ ഏകദേശം 1.5 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.