റഷ്യന്‍ പ്രദേശത്ത് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാനുള്ള ഉത്തരവ് നല്‍കി ട്രംപ്

റഷ്യന്‍ പ്രദേശത്ത് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാനുള്ള ഉത്തരവ് നല്‍കി ട്രംപ്


വാഷിംഗ്ടണ്‍: ആണവ അന്തര്‍വാഹിനികള്‍ റഷ്യന്‍ പ്രദേശത്ത് വിന്യസിക്കാനുള്ള ഉത്തരവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സോവിയറ്റ് യൂണിയന്റെ കാലത്ത് തങ്ങള്‍ക്ക് ഉണ്ടായിരുന്ന ആണവശേഷി ഇപ്പോഴും ഉണ്ടെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പരാമര്‍ശത്തില്‍ പ്രകോപിതനായാണ് ട്രംപിന്റെ നടപടി. രണ്ട് ആണവ അന്തര്‍വാഹിനികള്‍ 'ഉചിതമായ റഷ്യന്‍ പ്രദേശങ്ങളില്‍' വിന്യസിക്കാന്‍ ഉത്തരവിട്ടതായി സമൂഹ മാധ്യമമായ ദി ട്രൂത്തില്‍ ട്രംപ് കുറിച്ചു.

ദിമിത്രി മെദ്‌വദേവിന്റെ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളാണെന്നും ട്രംപ് ആരോപിച്ചു.
'റഷ്യയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷാ കൗണ്‍സിലില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവിന്റെ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍, രണ്ട് ആണവ അന്തര്‍വാഹിനികള്‍ റഷ്യന്‍ പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ ഞാന്‍ ഉത്തരവിടുന്നു. വാക്കുകള്‍ പ്രകോപനപരമാണ്. പലപ്പോഴും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇപ്പോള്‍ അത്തരം പ്രതിസന്ധികള്‍ സൃഷ്ടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിന്മേലുള്ള താങ്കളുടെ ശ്രദ്ധയ്ക്ക് നന്ദി!' ട്രംപ് ദി ട്രൂത്തില്‍ കുറിച്ചു.

ട്രംപ് ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓര്‍ക്കണമെന്നും മെദ്‌വദേവ് പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കകം യുക്രെയ്‌നുമായി സമാധാനക്കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് റഷ്യന്‍ നേതാവ് ട്രംപിനെതിരെ രംഗത്തെത്തിയത്.

യുക്രെയിനുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനായി റഷ്യയോട് സംസാരിക്കുമെന്നും ഇതിനായി പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യയിലേക്ക് അയക്കുമെന്നും, പുരോഗതി ഉണ്ടായില്ലെങ്കില്‍ പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. നടപടിയെടുക്കാനുള്ള 50 ദിവസത്തെ സമയപരിധി 10 ദിവസമായി കുറച്ചെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. പറഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ അനുകൂലിയാണ് ദിമിത്രി മെവ്‌ദേവ്. പരാജിതനായ ഭരണാധികാരി എന്നും അപകടകരമായ മേഖലയിലേയ്ക്കാണ് ദിമിത്രി കടക്കുന്നതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇപ്പോഴും റഷ്യന്‍ പ്രസിഡന്റാണ് എന്ന വിചാരം ദിമിത്രിയ്ക്കുണ്ടെന്നും ട്രംപ് പരിഹസിച്ചിരുന്നു.

അതേസമയം, അമേരിക്കയ്ക്ക് മറുപടിയുമായി റഷ്യന്‍ നിയമസഭാംഗം വിക്ടര്‍ വോഡോലാറ്റ്‌സ്‌കി രംഗത്തെത്തി. റഷ്യയ്ക്ക് ഇതിനോടകം സമുദ്രാതിര്‍ത്തികളില്‍ നിയന്ത്രണമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ലോക സമുദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ ആണവ അന്തര്‍വാഹിനികളുടെ എണ്ണം അമേരിക്കന്‍ അന്തര്‍വാഹിനികളേക്കാള്‍ വളരെ കൂടുതലാണ്. അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള അന്തര്‍വാഹിനികള്‍ വളരെക്കാലമായി റഷ്യയുടെ നിയന്ത്രണത്തിലാണ്,' അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയോട് വോഡോലാറ്റ്‌സ്‌കി പറഞ്ഞു. റഷ്യയ്ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന്റെ പരാമര്‍ശങ്ങളെക്കുറിച്ചോ അന്തര്‍വാഹിനികള്‍ വിന്യസിച്ചതുമായി ബന്ധപ്പെട്ടോ അമേരിക്കന്‍ നാവികസേന പ്രതികരിച്ചിട്ടില്ല. അമേരിക്കയ്ക്ക് ആകെ 14 ഒഹായോ ക്ലാസ് ആണവോര്‍ജ്ജ അന്തര്‍വാഹിനികളുണ്ട്, അവയില്‍ ഓരോന്നിനും 24 ട്രൈഡന്റ് II D5 ബാലിസ്റ്റിക് മിസൈലുകള്‍ വരെ വഹിക്കാന്‍ കഴിയും, അവയ്ക്ക് 4,600 മൈല്‍ വരെ ദൂര പരിധിയില്‍ എത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.