ഗാസ സിറ്റി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആദ്യമായി ഗാസയിലെ ഇസ്രായേൽ-യു.എസ് പിന്തുണയുള്ള വിവാദ സഹായ വിതരണ സ്ഥലം സന്ദർശിച്ചു. 'മാനുഷിക സാഹചര്യത്തെക്കുറിച്ച് ട്രംപിന് വ്യക്തമായ ധാരണ നൽകുകയും ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കാൻ സഹായിക്കുകയും' ചെയ്യുക എന്നതായിരുന്നുവെന്ന് ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജി.എച്ച്.എഫ്) സ്ഥലത്തേക്കുള്ള യാത്രയുടെ ഉദ്ദേശ്യം എന്ന് വിറ്റ്‌കോഫ് പറഞ്ഞു. എന്നാൽ, ഈ സന്ദർശനം പൊള്ളയായ മാധ്യമ സ്റ്റണ്ടാണെന്നും മാനുഷിക ദൗത്യമല്ലെന്നും ഗാസക്കാർ അപലപിച്ചു.
ജി.എച്ച്.എഫ് പോയിന്റുകളിൽ മാരകമായ വെടിവെപ്പുകളെക്കുറിച്ചുള്ള ദൈനംദിന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഎസ് പ്രതിനിധിയുടെ സന്ദർശനം. ഈ സ്ഥലങ്ങളുടെ പരിസരത്ത് കുറഞ്ഞത് 859 പലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എൻ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈകണക്ക് ജി.എച്ച്.എഫ് നിരസിക്കുകയാണ്. തങ്ങളുടെ സൈന്യം മുന്നറിയിപ്പ് വെടിവെപ്പുകൾ മാത്രമാണ് നടത്തിയതെന്നും അവർ മനഃപൂർവ്വം സാധാരണക്കാരെ വെടിവെക്കുന്നില്ലെന്നും ഇസ്രായേലും പറയുന്നു.
തെക്കൻ ഗാസയിലെ റഫക്ക് സമീപമുള്ള ജി.എച്ച്.എഫ് സൈറ്റുകളിൽ ഒന്ന് വിറ്റ്‌കോഫ് സന്ദർശിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. 'ജി.എച്ച്.എഫുമായും മറ്റ് ഏജൻസികളുമായും കൂടിക്കാഴ്ച നടത്തുന്നതിനായി ഇന്ന് ഞങ്ങൾ ഗാസയിൽ അഞ്ച് മണിക്കൂറിലധികം ചെലവഴിച്ചു. വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്തി' സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് വിറ്റ്‌കോഫ് പറഞ്ഞു.
ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബിയും ഇസ്രായേൽ പ്രതിരോധ സേനയും വിറ്റ്‌കോഫിനൊപ്പം ഉണ്ടായിരുന്നു. 'ഐ.ഡി.എഫിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സ്ഥലത്തെ ആളുകളുമായി സംസാരിച്ചുവെന്നും' ഹക്കബി പറഞ്ഞു. ജി.എച്ച്.എഫ് സൈറ്റുകൾ ഒരു ദിവസം ഒരു ദശലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനെ 'അവിശ്വസനീയമായ നേട്ടം' എന്നും വിശേഷിപ്പിച്ചു.
എന്നാൽ, ബി.ബി.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വതന്ത്രമായി ഗാസയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ തടഞ്ഞതിനാൽ ഇവരുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കൽ ബുദ്ധിമുട്ടിലായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ബി.ബി.സിയോട് സംസാരിച്ച ചില ഗാസ നിവാസികൾ വിറ്റ്‌കോഫിന്റെ സന്ദർശനത്തെ 'മീഡിയ സ്റ്റണ്ട്' എന്ന് അപലപിച്ചു.
'സ്റ്റീവ് വിറ്റ്‌കോഫ് ഗാസയുടെ വിശപ്പ് കാണില്ല. ഇസ്രായേൽ കാണാൻ ആഗ്രഹിക്കുന്നതിന്റെ ആഖ്യാനം മാത്രമാണത്' ലൂയി മഹ്മൂദ് എന്ന യുവാവ് പറഞ്ഞു. 'ഈ സന്ദർശനം പൊള്ളയായ മാധ്യമ സ്റ്റണ്ടാണ്. മാനുഷിക ദൗത്യമല്ല. ഞങ്ങളുടെ കഷ്ടപ്പാടുകളിൽ പങ്കാളിയായ ഒരു ഭരണകൂടത്തിന്റെ പ്രതിച്ഛായ മിനുസപ്പെടുത്താൻ രൂപകൽപന ചെയ്ത സംഭാഷണ പോയിന്റുകൾ മാത്രമാണ് അദ്ദേഹം കൊണ്ടുവരുതെന്നും മഹ്മൂദ് പറഞ്ഞു.
ട്രംപിന്റെ പ്രതിനിധി ഗാസയിലെ സഹായ വിതരണ സ്ഥലം സന്ദർശിച്ചു; പൊള്ളയായ മാധ്യമ സ്റ്റണ്ടെന്ന് ഗാസക്കാർ
