കലാഭവന്‍ നവാസ് അന്തരിച്ചു

കലാഭവന്‍ നവാസ് അന്തരിച്ചു


കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. പ്രകമ്പനം എന്ന സിനിമയില്‍ അഭിനയിച്ചു വരികയായിരുന്നു. സിനിമാ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ നവാസിനെ മരിച്ച നിലയില്‍ റൂം ബോയിയാണ് കണ്ടത്. മൃതദേഹം പൊലീസ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. 

ഹൃദയാഘാതത്തെ തുടര്‍ന്നാണ് നവാസിന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. പ്രകമ്പനം സിനിമയുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനെത്തിയതായിരുന്നു. സമയം കഴിഞ്ഞിട്ടും നവാസിനെ കാണാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നാടക- ചലച്ചിത്ര താരം അബൂബക്കറിന്റെ മകനാണ് നവാസ്. മറിമായത്തിലെ നിയാസ് ബക്കര്‍ സഹോദരനാണ്. ചലച്ചിത്ര താരം രഹനയാണ് ഭാര്യ. മക്കള്‍: നഹറിന്‍, റിദ്‌വാന്‍, റിഹാന്‍.

മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ നവാസ് ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര ലോകത്ത് സജീവമാകുകയായിരുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലനാണ് ഒടുവില്‍ റിലീസായ സിനിമ. ഭാര്യ രഹനയോടൊപ്പം ഇഴ എന്ന ചിത്രത്തിലും അടുത്തിടെ വേഷമിട്ടിരുന്നു. 

1995ല്‍ പുറത്തിറങ്ങിയ ചൈതന്യമാണ് ആദ്യ സിനിമ. മിമിക്‌സ് ആക്ഷന്‍ 500, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു.