ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നിര്‍മ്മല സീതാരാമന്‍

ട്രംപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നിര്‍മ്മല സീതാരാമന്‍


ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതില്‍ യു എസിനെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമീപകാല താരിഫ് ബാധിച്ച കയറ്റുമതിക്കാരെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി പാക്കേജുകള്‍ കൊണ്ടുവരുമെന്ന് അവര്‍ ഉറപ്പുനല്‍കി. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുട്ടിന്‍, ഷി ജിംഗ്പിങ്, മോഡി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ച് പുതിയ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയത്. 

റഷ്യന്‍ എണ്ണയായാലും മറ്റെന്തായാലും നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തീരുമാനമാണിതെന്നും. ഇന്ത്യക്കാരോട് കാണിക്കുന്ന തരത്തിലുള്ള അനാദരവിലും ഇന്ത്യക്കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ഭാഷയുടെ കൊളോണിയല്‍ ന്യായീകരണത്തിലും താന്‍ രോഷാകുലയാണെന്നും നിര്‍മല സീതാരാമനെ ഉദ്ധരിച്ച് സിഎന്‍ബിസി- ടിവി 18 റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയ്ക്ക് സ്വാശ്രയത്വത്തിന് പുറമേ 'ആത്മാഭിമാനം' ഉണ്ടായിരിക്കണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യം റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്നും അവര്‍ ആവര്‍ത്തിച്ചു.

ഇന്ത്യയും യു എസും ഉടന്‍ തന്നെ സന്തുലിതവും നീതിയുക്തവുമായ കരാറിലെത്തുമെന്ന് കേന്ദ്ര സഹമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. 

പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ചര്‍ച്ചകള്‍ നടക്കാന്‍ അനുവദിക്കണമെന്നും അമേരിക്കയുമായി തങ്ങള്‍ നല്ല ബന്ധം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ ഒരിക്കലും സമയപരിധിയില്ലെന്നും അദ്ദേഹം എ എന്‍ ഐയോട് പറഞ്ഞു.