കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി സ്‌റ്റേഷനിലും പൊലീസ് മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്

കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി സ്‌റ്റേഷനിലും പൊലീസ് മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്


തൃശൂര്‍: കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് മര്‍ദനത്തിന്റെ ദൃശ്യവും പുറത്ത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെപി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, മാനേജര്‍ റോണി, െ്രെഡവര്‍ ലിതിന്‍ ഫിലിപ്പ് എന്നിവര്‍ക്ക് നേരെ പീച്ചി സ്‌റ്റേഷനില്‍വച്ചാണ് പൊലീസ് അതിക്രമമുണ്ടായത്. 2023 മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യമാണ് പുറത്തുവന്നത്.
എസ്‌ഐ പിഎം രതീഷ് ഇവരെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. എസ്‌ഐ ഇവര്‍ക്കെതിരെ ആക്രോശിയ്ക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോള്‍ ജോസഫിനെ ലോക്കപ്പില്‍ അടച്ച എസ്‌ഐ, തന്നെ ഫഌസ്‌ക് ഉപയോഗിച്ചടക്കം അടിക്കാന്‍ ശ്രമിച്ചതായി കെപി ഔസേപ്പ് പറയുന്നു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്‍മേല്‍ 2024 ഓഗസ്റ്റ് 14നാണ് കെപി ഔസേപ്പിന് ദൃശ്യം കിട്ടിയത്. കുന്നംകുളം സംഭവത്തിന് മുന്നേ, പൊലീസ് മര്‍ദന ദൃശ്യം വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നത് ഇവര്‍ക്കാണ്. എന്നാല്‍ കുന്നംകുളത്തെ വിവാദ ആക്രമണം വെളിപ്പെട്ടതിന് പിന്നാലെയാണ് കെപി ഔസേപ്പ് വീഡിയോ പുറത്തുവിട്ടത്. 

സംഭവം ഇങ്ങനെ

പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരന്റെ മകന്‍ ജിനീഷും പട്ടിക്കാട്ടെ ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടിലില്‍ എത്തി. എന്നാല്‍ ഭക്ഷണത്തിന്റെ രുചിയും നിലവാരവും സംബന്ധിച്ച് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. അവര്‍ ഹോട്ടലിനെതിരെ പരാതിപ്പെടുകയും ചെയ്തു.

എന്നാല്‍ കേസ് സംബന്ധമായി പീച്ചി പൊലീസ് സ്‌റ്റേഷനിലെത്തിയ മാനേജരെയും െ്രെഡവറെയും എസ്‌ഐ പിഎം രതീഷ് മര്‍ദിച്ചു. ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകണ്ട് ഭയന്ന ഔസേപ്പ് കേസ് പിന്‍വലിക്കാന്‍ പരാതിക്കാരന് 5 ലക്ഷം രൂപ നല്‍കി.

ദൃശ്യം നല്‍കാതെ ഒളിച്ചുകളി

മര്‍ദന ദൃശ്യത്തിനുവേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചപ്പോള്‍ അത് കൈമാറാന്‍ പൊലീസ് കൂട്ടാക്കിയിരുന്നില്ല. മാവോയിസ്റ്റ് ഭീഷണി, സ്ത്രീസുരക്ഷ തുടങ്ങി സംഭവവുമായി ഒരു ബന്ധവുമില്ലാത്ത കാരണങ്ങള്‍ പറഞ്ഞ് ഒഴിയാനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ കെപി ഔസേപ്പ് വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കി.
ഒപ്പം, എസ്‌ഐ പിഎം രതീഷിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടെയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. അസിസ്റ്റന്റ് കമ്മീഷണര്‍, ഡിഐജി, ഐജി എന്നീ ഉദ്യോഗസ്ഥര്‍ എസ്‌ഐക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അതിക്രമം നടത്തിയ എസ്‌ഐയെ പ്രതി ചേര്‍ക്കാന്‍ കെപി ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ച് കാത്തിരിക്കുകയാണ്.