ന്യൂഡല്‍ഹി: ഇന്ത്യക്കാരായ പ്രവാസികളില്‍ പകുതിയോളം പേരും ജീവിക്കുന്നത് പത്ത് രാജ്യങ്ങളിലെന്ന് കണക്ക്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജനത ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 3.43 കോടി പേരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായുള്ളത്.
ഇന്ത്യന്‍ പ്രവാസികളില്‍ പകുതിയോളം പേരും യു എസ്, യു എ ഇ, സൗദി അറേബ്യ എന്നിവയുള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളിലാണ് പ്രവാസം നയിക്കുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ ലോകത്തെ 207 രാജ്യങ്ങളിലുണ്ട്. ലോക്സഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം 1.71 കോടി ഇന്ത്യന്‍ വംശജരും 1.71 കോടി പേര്‍ ഇന്ത്യന്‍ പ്രവാസികളും (എന്‍ ആര്‍ ഐ) ആണ്.
യു എസില്‍ 56.9 ലക്ഷം ഇന്ത്യക്കാരാണുള്ളത്. തൊട്ടുപിന്നാലെ യു എ ഇയില്‍ 38.9 ലക്ഷം, കാനഡയില്‍ 36.1 ലക്ഷം, സൗദി അറേബ്യയില്‍ 27.5 ലക്ഷം, മലേഷ്യയില്‍ 29.3 ലക്ഷം എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള രാജ്യങ്ങളുടെ കണക്ക്.
ഗണ്യമായ ഇന്ത്യന്‍ ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങള്‍ ശ്രീലങ്ക (16.1 ലക്ഷം), ദക്ഷിണാഫ്രിക്ക (13.9 ലക്ഷം), യു കെ (13.4 ലക്ഷം), കുവൈത്ത് (10.1 ലക്ഷം), സിംഗപ്പൂര്‍ (4.6 ലക്ഷം) എന്നിവയാണ്.
ഗള്‍ഫ് മേഖല ഇപ്പോഴും പ്രവാസി ഇന്ത്യക്കാരുടെ ഒരു പ്രധാന കേന്ദ്രമാണ്. യു എ ഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ 76.5 ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നു. ഏകദേശം 66 ലക്ഷം ഇന്ത്യക്കാരാണ് യു എസ് എ, കാനഡ, യു കെ എന്നിവിടങ്ങളിലായി താമസിക്കുന്നത്, ആഗോള ഇന്ത്യന്‍ വംശജര്‍ പ്രവാസ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം വരും.
ചെറിയ രാജ്യങ്ങളിലും വലിയ അളവില്‍ ഇന്ത്യന്‍ സമൂഹങ്ങളുണ്ട്. മൗറീഷ്യസില്‍ 8.9 ലക്ഷവും ഫിജിയില്‍ 3.1 ലക്ഷവും ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ 5.4 ലക്ഷവും ഗയാനയില്‍ 3.2 ലക്ഷവും സുരിനാം 1.8 ലക്ഷവും റീയൂണിയന്‍ ദ്വീപില്‍ 3 ലക്ഷവും സിംഗപ്പൂരില്‍ 4.6 ലക്ഷവും ഇന്ത്യക്കാര്‍ പ്രവാസികളായുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡേറ്റ പ്രകാരം 2024-25ല്‍ വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ നിവാസികള്‍ 135.46 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് തുകയാണ് നാട്ടിലേക്ക് അയച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ധനവാണിത് രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യ ഇന്‍വാര്‍ഡ് റെമിറ്റന്‍സില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വീകര്‍ത്താവ് ആയി തുടരുന്നു എന്നാണ് ലോക ബാങ്കിന്റെ കണക്കുകള്‍ പറയുന്നത്.
സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ബന്ധങ്ങള്‍ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി തുടരുന്നു. ലണ്ടന്‍, സിഡ്നി, ക്വാലാലംപൂര്‍, ജോഹന്നാസ്ബര്‍ഗ്, ബെര്‍ലിന്‍, ബീജിംഗ്, ടോക്കിയോ എന്നിവയുള്‍പ്പെടെ വിദേശത്ത് 38 ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐ സി സി ആര്‍) കേന്ദ്രങ്ങളുണ്ട്.
എന്നാല്‍ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസികള്‍ വസിക്കുന്ന അമേരിക്കയില്‍ ഒരു ഐ സി സി ആര്‍ കേന്ദ്രം പോലുമില്ല. കേന്ദ്രങ്ങളില്ലാത്ത രാജ്യങ്ങളില്‍ എംബസി ഉദ്യോഗസ്ഥരാണ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടും ഇന്ത്യ 219 മിഷനുകളും പോസ്റ്റുകളും പരിപാലിക്കുന്നു.
വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ വികസിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഏഴ് രാജ്യങ്ങളുമായി മൈഗ്രേഷന്‍, മൊബിലിറ്റി പങ്കാളിത്ത കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ക്ഷേമം പരിഹരിക്കുന്നതിന് ജി സി സി രാജ്യങ്ങളുമായുള്ള സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ പതിവായി യോഗം ചേരുന്നുണ്ട്.