മുംബൈ: മുംബൈയില്‍ വീണ്ടും ബോംബ് ഭീഷണി. നായര്‍ ആശുപത്രില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 34 ചാവേര്‍ ബോംബുകള്‍ നഗരത്തില്‍ പൊട്ടി ഒരു കോടിയോളം ആളുകളെ കൊല്ലുമെന്ന സന്ദേശമെത്തി രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും ഭീഷണി സന്ദേശമെത്തിയത്.
ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പൊലീസ് അതീവ ജാഗ്രതയിലായി. മുഴുവന്‍ പരിസരവും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഡീനിന്റെ ഔദ്യോഗിക വിലാസത്തിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ഇമെയിലില്‍ ലഭിച്ചത്.
അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും (ബിഡിഡിഎസ്) പൊലീസ് സംഘവും ആശുപത്രിയിലെത്തി പരിശോധന നടത്തി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തില്‍ ആശുപത്രിയില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. വ്യാജ സന്ദേശമാണ് ലഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.