റഷ്യ യുക്രെയ്‌നെതിരെ കടുത്ത വ്യോമാക്രമണം നടത്തി

റഷ്യ യുക്രെയ്‌നെതിരെ കടുത്ത വ്യോമാക്രമണം നടത്തി


കീവ്: യുക്രെയ്‌നെതിരെ റഷ്യ യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണത്തിന് കീവ് സാക്ഷ്യം വഹിച്ചു. കീവിലെ കാബിനറ്റ് കെട്ടിടത്തിന് നേരെയാണ് റഷ്യം ആക്രമണം നടത്തിയത്. തുടര്‍ന്ന് ലോക രാജ്യങ്ങള്‍ റഷ്യയെ വിമര്‍ശിച്ചു. 

ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും സപോരിഷ്ജിയ, ക്രിവിയ് റിഹ്, ഒഡെസ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. 

റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്താനും 'ക്രെംലിന്‍ കുറ്റവാളികളെ' തടയാനും സെലെന്‍സ്‌കി ലോകത്തോട് അഭ്യര്‍ഥിച്ചു. ക്രെംലിന്‍ നയതന്ത്രത്തെ പരിഹസിക്കുകയാണെന്നും 'റഷ്യന്‍ പ്രസിഡന്റിനെ പ്രീണിപ്പിക്കുന്നതില്‍ അര്‍ഥമില്ലെന്നും' ലോക നേതാക്കള്‍ പറഞ്ഞു. നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കാവുന്ന സമയത്താണ് ആക്രമണം നടക്കുന്നതെന്ന് സെലെന്‍സ്‌കി ഊന്നിപ്പറഞ്ഞു. ഇത് 'യുദ്ധം നീട്ടാനുള്ള' തന്ത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തൊട്ടുപിന്നാലെ യുക്രെയ്‌നിലെ സംഘര്‍ഷത്തില്‍ റഷ്യയെ ഉപരോധിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാന്‍ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സഹതാപവും യുക്രെയ്‌നിയന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. യുദ്ധത്തോടും ഭീകരതയോടുമുള്ള പ്രതിബദ്ധത റഷ്യ വര്‍ധിപ്പിക്കുമ്പോള്‍ ഫ്രാന്‍സും പങ്കാളികളും യുക്രെയ്നിനൊപ്പം നില്‍ക്കാനും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായി പ്രവര്‍ത്തിക്കാനും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെയും സെലെന്‍സ്‌കിയുമായി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. വിവേചനരഹിതമായ മരണങ്ങള്‍ക്ക് കാരണമാകുമ്പോള്‍ നയതന്ത്രവും അന്താരാഷ്ട്ര നിയമവും അവഗണിക്കുന്നതിന് ക്രെംലിനെ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അപലപിച്ചു. യുക്രെയ്നിന്റെ പരമാധികാരത്തെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുടിന്റെ നടപടികളെന്ന് നാറ്റോ പി എ പ്രസിഡന്റ് മാര്‍ക്കോസ് പെരെസ്‌ട്രെലോ കുറ്റപ്പെടുത്തി. സിവിലിയന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പെരെസ്‌ട്രെലോ ആവശ്യപ്പെട്ടു. നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് മോസ്‌കോയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും യുക്രെയ്നിനുള്ള പിന്തുണ വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പുടിനെതിരെ ശക്തമായ പ്രതികരണം വൈകിപ്പിക്കുന്നതും അദ്ദേഹത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതും അര്‍ഥശൂന്യമാണെന്ന് കീവ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെയുള്ള റഷ്യയുടെ ആക്രമണം തെളിയിച്ചതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. 

ഓരോ റഷ്യന്‍ ആക്രമണവും മനഃപൂര്‍വമാണെന്നും റഷ്യയ്ക്ക് സമാധാനത്തില്‍ താത്പര്യമില്ലെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് കാജ കല്ലാസ് പറഞ്ഞു. കീവ് നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയുള്ള ആക്രമണം ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ആക്രമണങ്ങള്‍ വ്യക്തമായ വര്‍ധനവാണ്  പ്രതിഫലിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യുക്രെയ്‌നിന്റെ പ്രതിരോധ വ്യവസായത്തിനുള്ള പിന്തുണ തുടരുമെന്നും മോസ്‌കോയ്ക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അവര്‍ സ്ഥിരീകരിച്ചു.

റഷ്യ ഒറ്റ രാത്രികൊണ്ട് യുക്രെയ്നിനെതിരെ 800-ലധികം ഡ്രോണുകളും 13 മിസൈലുകളും വിക്ഷേപിച്ചു. ഇത് മധ്യ കീവിലെ പ്രധാന യുക്രെനിയന്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ തീപിടുത്തത്തിന് കാരണമാവുകയും ഒരു കുഞ്ഞ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി യുക്രെയ്‌നിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുക്രെയ്‌നിയന്‍ ആയുധ ഫാക്ടറികള്‍, സൈനിക ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, വ്യോമതാവളങ്ങള്‍, വെടിമരുന്ന് ഡിപ്പോകള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍, പീരങ്കികള്‍ എന്നിവ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി റഷ്യ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്‌നിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ചര്‍ച്ചകള്‍ക്കായി മോസ്‌കോയിലേക്ക് ക്ഷണിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്. അതേസമയം, റഷ്യ- യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മുമ്പ് അവകാശപ്പെട്ടിരുന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ സംഘര്‍ഷം' എന്ന് വിശേഷിപ്പിച്ചത് പരിഹരിക്കാന്‍ സഹായിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധത വീണ്ടും പ്രകടിപ്പിച്ചു.