2008 ലേതിനു സമാനമായ മറ്റൊരു മാന്ദ്യ മുന്നറിയിപ്പുമായി യു.എസ് സാമ്പത്തിക വിദഗ്ധന്‍

2008 ലേതിനു സമാനമായ മറ്റൊരു മാന്ദ്യ മുന്നറിയിപ്പുമായി യു.എസ് സാമ്പത്തിക വിദഗ്ധന്‍


വാഷിംഗ്ടണ്‍: 2008ലേതിനു സമാനമായ മറ്റൊരു മാന്ദ്യ മുന്നറിയിപ്പുമായി യു.എസ് സാമ്പത്തിക വിദഗ്ധന്‍. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ 'മൂഡീസി'ലെ ചീഫ് ഇക്കണോമിസ്റ്റായ മാര്‍ക്ക് സാന്‍ഡിയാണ് ഇക്കാര്യം പ്രവചിച്ചത്. 2008ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ് സാന്‍ഡി. നിരവധി യു.എസ് സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് 'മൂഡീസ്' മുന്നറിയിപ്പ് നല്‍കുന്നു.

ദേശീയ തലത്തിലുള്ള വിവിധ ഡാറ്റയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, യു.എസ് ജി.ഡി.പിയുടെ മൂന്നിലൊന്ന് വരുന്ന സംസ്ഥാനങ്ങള്‍ മാന്ദ്യത്തിന്റെ ഉയര്‍ന്ന അപകടസാധ്യതലാണ്. എന്നാല്‍, മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നു. ശേഷിക്കുന്ന മൂന്നിലൊന്ന് വളര്‍ച്ചയിലുമാണ്  സാന്‍ഡി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമില്‍ എഴുതി.

തൊഴില്‍ വളര്‍ച്ച മന്ദഗതിയിലാകുന്നതും പണപ്പെരുപ്പം ഉയരുന്നതും ട്രംപിന്റെ താരിഫുകള്‍ വ്യാപാരത്തെ സമ്മര്‍ദത്തിലാക്കുന്നതും മൂലം രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് 'മൂഡീസും' മുന്നറിയിപ്പ് നല്‍കുന്നു.

സാമ്പത്തിക സമ്മര്‍ദം സാധാരണ അമേരിക്കക്കാരെ പ്രധാനമായും രണ്ടു തരത്തില്‍ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു. ഉയര്‍ന്ന വിലയും തൊഴില്‍ അസ്ഥിരതയുമായിരിക്കും അവ. വര്‍ധിച്ചുവരുന്ന ചെലവുകള്‍ ഉടന്‍ തന്നെ അവഗണിക്കാനാവാത്തതാവുമെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സാന്‍ഡി അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകിച്ച് അവശ്യവസ്തുക്കള്‍ക്ക്. വിലകള്‍ ഇതിനകം ഉയരുകയാണ്. നിങ്ങള്‍ക്ക് അത് കണക്കുകളില്‍ കാണാന്‍ കഴിയും. ആളുകള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ഒരു പരിധി വരെ അവ ഉയരും അദ്ദേഹം പറഞ്ഞു.

200809 സാമ്പത്തിക പ്രതിസന്ധിക്കുശേഷം രാജ്യം അഭിമുഖീകരിക്കാന്‍ പോവുന്ന ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയും അധികരിക്കുന്ന ഉപഭോക്തൃ ചെലവും ഉള്‍പ്പെടെ നിരവധി ഘടകങ്ങളിലേക്ക് സാന്‍ഡിയുടെ വിലയിരുത്തല്‍ വിരല്‍ ചൂണ്ടുന്നു. കമ്പനികളുടെ ലാഭത്തില്‍ യു.എസ് താരിഫുകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഭവന വിപണിയിലെ തുടര്‍ച്ചയായ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്കകള്‍ ഉന്നയിച്ചു.

പല സംസ്ഥാനങ്ങളും ദുര്‍ബലതയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നു. വ്യോമിങ്, മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കന്‍സാസ്, മസാച്യുസെറ്റ്‌സ് എന്നിവയെല്ലാം മാന്ദ്യത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുള്ളവയായി തിരിച്ചറിഞ്ഞിട്ടുണ്ട്. വാഷിങ്ടണ്‍ ഡി.സി. മേഖലയും സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പേരുകേട്ടതാണ്. സര്‍ക്കാര്‍ ജോലികള്‍ വെട്ടിക്കുറക്കുന്നതാണ് ഇതിനു കാരണമായി സാന്‍ഡി പറയുന്നത്. അതേസമയം കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് പോലുള്ള രാജ്യത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ചിലത് സ്വന്തമായി പിടിച്ചുനില്‍ക്കുന്ന പ്രവണതയുമുണ്ട്.

നിലവില്‍ 2.7ശതമാനം ആയ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് അടുത്ത വര്‍ഷത്തിനുള്ളില്‍ 4ശതമാനത്തോളം ആയി ഉയരുമെന്നും ഇത് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയെ കൂടുതല്‍ ഇല്ലാതാക്കുമെന്നും സാന്‍ഡി പ്രവചിക്കുന്നു.