ഫ്രാൻസിൽ വീണ്ടും ഭരണ പ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റോ പുറത്ത്

ഫ്രാൻസിൽ വീണ്ടും ഭരണ പ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റോ പുറത്ത്


പാരിസ്: വിശ്വാസ വോട്ടെടുപ്പിൽ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻസ്വാ ബെയ്‌റോയെ പുറത്താക്കി എം.പിമാർ. 194നെതിരെ 364 വോട്ടുകൾക്കാണ് പ്രമേയം പാസായത്.

ഇതോടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടിവരും. ചുരുങ്ങിയ കാലത്തിനിടെ, മൂന്നാം തവണയാണ് ഫ്രാൻസിൽ പ്രധാനമന്ത്രി മാറുന്നത്. കടംപെരുകൽ തടയാൻ പൊതുജനക്ഷേമ നടപടികൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കണമെന്ന നിലപാടാണ് 74കാരനായ ബെയ്‌റോവിന് തിരിച്ചടിയായത്. തീരുമാനത്തിനുള്ള പിന്തുണ ഉറപ്പിക്കാൻ വിശ്വാസവോട്ടെടുപ്പ് തേടിയത് വിനയാവുകയായിരുന്നു. ഇനി ബെയ്‌റോ സർക്കാർ പ്രസിഡന്റ് മുമ്പാകെ രാജി സമർപ്പിക്കേണ്ടിവരും. ഇത് ഭരണഘടനപരമായ ബാധ്യതയാണ്. കേവലം ഒമ്പതുമാസമാണ് ബെയ്‌റോ സർക്കാറിന് ഭരിക്കാനായത്.

പ്രധാനമന്ത്രിയുടെ രാജിയോടെ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ അസ്ഥിരത ഫ്രാൻസിന്റെ സാമ്പത്തിക മേഖലയിലും ആശങ്ക സൃഷ്ടിക്കും. യൂറോപ്യൻ യൂണിയനിൽ ഏറ്റവും ഉയർന്ന ജി.ഡി.പി കമ്മി നേരിടുന്ന രാജ്യമാണ് ഫ്രാൻസ്.

കഴിഞ്ഞ വർഷം നടന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി നേടിയ വിജയം മാക്രോണിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടിക്ക് സീറ്റുകൾ നഷ്ടപ്പെടുകയും തീവ്ര വലതുപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും കൂടുതൽ നേട്ടമുണ്ടാവുകയും ചെയ്തതും രാഷ്ട്രീയ അസ്ഥിരതക്ക് വഴിയൊരുക്കി.

2017ൽ മക്രോൺ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആറാമത്തെ പ്രധാനമന്ത്രിയാണ് ബെയ്‌റോ. അദ്ദേഹത്തിന്റെ രാജിയോടെ പുതിയ തലവേദനയാണ് പ്രസിഡന്റിന് മുന്നിൽ സൃഷ്ടിക്കുന്നത്.

വിശ്വാസവോട്ടെടുപ്പിന് മുമ്പ് ഫ്രാൻസിന്റെ ധനസ്ഥിതിയും കടബാധ്യതയും സംബന്ധിച്ച് ബെയ്‌റോ നൽകിയ മുന്നറിയിപ്പ് പാർലമെന്റ് തള്ളുകയായിരുന്നു. 'നിങ്ങൾക്ക് സർക്കാറിനെ താഴെയിറക്കാൻ കഴിഞ്ഞേക്കും. പക്ഷേ, യാഥാർത്ഥ്യത്തെ മായ്ക്കാൻ കഴിയില്ല. ചെലവുകൾ പെരുകികൊണ്ടിരിക്കും. താങ്ങാനാവാത്ത കടത്തിന്റെ ഭാരം കൂടുതൽ ഭാരമേറിയതും ചെലവേറിയതുമായി വളരും' രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പു നൽകിയാണ് ബെയ്‌റോ പടിയിറങ്ങുന്നതെന്നത് ഭീതിതമായ കലത്തിന്റെ സൂചനയായും കണക്കാക്കുന്നു.

വിശ്വാസ വോട്ടിനു പിന്നാലെ തീവ്ര ഇടതുപക്ഷം പ്രസിഡന്റ് മക്രോണും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.