കലാപം: നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

കലാപം: നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം


ന്യൂഡല്‍ഹി: യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നേപ്പാളിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. 

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയല്‍രാജ്യം മാത്രമല്ല അടുത്ത സുഹൃദ് രാജ്യം കൂടിയാണ് നേപ്പാള്‍. പ്രതിഷേധക്കാര്‍ സംഘര്‍ഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും, സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ഇന്ത്യ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ ഇന്ത്യ അഗാധമായ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവര്‍ വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നും, കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കുറിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 3000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.