ഖത്തറില്‍ ആക്രമണം നടത്തുന്നത് ഇസ്രായേല്‍ ട്രംപിനെ അറിയിച്ചു; ഖത്തരിനോട് പറയാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

ഖത്തറില്‍ ആക്രമണം നടത്തുന്നത് ഇസ്രായേല്‍ ട്രംപിനെ അറിയിച്ചു; ഖത്തരിനോട് പറയാന്‍ ട്രംപിന്റെ നിര്‍ദ്ദേശം


ടെല്‍അവീവ്: ഖത്തറില്‍ ആക്രമണം നടത്തുന്ന വിവരം ഇസ്രായേല്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലേക്ക് ആക്രമണം നടത്താന്‍ തയ്യാറെടുത്ത് വിമാനങ്ങള്‍ പറന്നുയര്‍ന്നതിന് ശേഷമാണ് ഇസ്രായേല്‍ ട്രംപിനെ വിവരം അറിയിച്ചത്. ഈ വിവരം ഖത്തരികളെ അറിയിക്കാനാണ് ട്രംപ് ഇസ്രായേലിന് നിര്‍ദ്ദേശം നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഹമാസ് നേതാക്കളെ ആക്രമിക്കാനുള്ള ഉദ്ദേശ്യം ഇസ്രായേല്‍ യു എസിനെ അറിയിച്ചപ്പോള്‍ ജെറ്റുകള്‍ ആകാശത്തായിരുന്നുവെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. 

ഖത്തറില്‍ സൈനിക താവളമുള്ള യു എസ് കിഴക്കോട്ട് പോകുന്ന ഇസ്രായേലി ജെറ്റുകളെ തിരിച്ചറിഞ്ഞുവെന്നും ഇസ്രായേലില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടുവെന്നും നിരവധി യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്നാണ് ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ യു എസിനെ അറിയിച്ചത്.

സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെര്‍മര്‍ കഴിഞ്ഞ ദിവസം മിയാമിയില്‍ യു എസ് മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായും ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഖത്തര്‍ ആക്രമണ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.