വാഷിംഗ്ടണ്‍: അമേരിക്കയുടെ സഖ്യകക്ഷിയായ ഖത്തറിന്റെ പ്രദേശത്തിനുള്ളില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതിന് ട്രംപ് ഭരണകൂടം ഇസ്രായേലിനെ വിമര്‍ശിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തയ്യാറാക്കിയ പ്രസ്താവനയില്‍ യു എസ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കി.
യു എസ് സൈന്യത്തില്‍ നിന്ന് അറിഞ്ഞതിനുശേഷം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലി ആക്രമണത്തെക്കുറിച്ച് ഖത്തറിനെ വിവരം അറിയിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം ട്രംപ് നെതന്യാഹുവിനോടും ഖത്തര്‍ നേതാക്കളോടും സംസാരിച്ചു.
'പരമാധികാര രാഷ്ട്രവും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയുമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നില്ല' എന്ന് യു എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ട്രംപ് ഉടന്‍ തന്നെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനോട് ഖത്തറിനെ വിവരം അറിയിക്കാന്‍ പറയുകയും അദ്ദേഹം അങ്ങനെ ചെയ്തുവെന്നും വിശദീകരിച്ചു.
ട്രംപ് ഖത്തറിനെ അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയും സുഹൃത്തുമായി കാണുന്നുവെന്നും ഈ ആക്രമണത്തിന്റെ സ്ഥലത്തെക്കുറിച്ച് അദ്ദേഹത്തിന് വളരെ വിഷമമുണ്ടെന്നും ലീവിറ്റ് പ്ര്‌സ്താവയില്‍ വ്യക്തമാക്കി. നിര്‍ഭാഗ്യകരമായ സംഭവം സമാധാനത്തിനുള്ള അവസരമായി മാറുമെന്ന് ട്രംപ് വിശ്വസിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
യു എസിന് ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സൗഹൃദത്തിനും നന്ദി പറയാന്‍ ട്രംപ് ഖത്തര്‍ അമീറിനെയും പ്രധാനമന്ത്രിയെയും ഫോണില്‍ ബന്ധപ്പെടുകുയം അവരുടെ മണ്ണില്‍ ഇനി ഇത്തരമൊരു കാര്യം സംഭവിക്കില്ലെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തതായി പ്രസ്താവന പറയുന്നു.
എന്നാല്‍ ആക്രമണശേഷമാണ് യു എസില്‍ നിന്നും തങ്ങള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതെന്നാണ് ഖത്തര്‍ പറയുന്നത്. ആക്രമണത്തെ കുറിച്ച് ഖത്തറിനെ മുന്‍കൂട്ടി അറിയിച്ചതായി പ്രചരിക്കുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സ്‌ഫോടനശബ്ദം കേട്ടപ്പോഴാണ് അമേരിക്കന്‍ ഉദ്യോഗസ്ഥനില്‍ നിന്ന് മുന്നറിയിപ്പ് വിളി വന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അല്‍ അന്‍സാരി എക്‌സില്‍ പോസ്റ്റ് ചെയ്തു.