ദോഹ: ഇസ്രായേല്‍ നടത്തിയ ഭീരുത്വ ആക്രമണത്തില്‍ തങ്ങളുടെ ഒരു സുരക്ഷാ സേനാ അംഗം കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ ഖത്തര്‍ തലസ്ഥാനത്ത് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ സ്ഥിരീകരിച്ചു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയിലെ അംഗമായ കോര്‍പ്പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ -ദോസരിയാണ് കൊല്ലപ്പെട്ടതെന്നും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷാ സേനയുടെ സ്ഫോടകവസ്തു യൂണിറ്റ് പ്രദേശം സുരക്ഷിതമാക്കുന്നത് തുടരുകയാണെന്നും ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി ഫീല്‍ഡ് നടപടിക്രമങ്ങള്‍ നടപ്പിലാക്കുകയും ഉയര്‍ന്ന കാര്യക്ഷമതയോടെ സാഹചര്യം നിയന്ത്രിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ആഭ്യന്തര സുരക്ഷാ സേനയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വിവരങ്ങള്‍ അറിയിക്കുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.