ടെല്‍ അവീവ്: ദോഹയില്‍ ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേല്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സമ്മതമുണ്ടായിരുന്നുവെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ധാരണകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് ഹമാസിന് അവസാന മുന്നറിയിപ്പ് നല്‍കുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കിയിരുന്നു.
ഖത്തറില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രംഗത്ത് വന്നിട്ടുണ്ട്. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐ ഡി എഫ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയി.
ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയില്‍ കറുത്ത പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീല്‍ അല്‍ ഹയ്യ അടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയാണ് ഖലീല്‍ അല്‍ ഹയ്യയാണ്.
ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാന്‍, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെന്നാണ് യു എ ഇ വ്യക്തമാക്കിയത്. ഖത്തറിന് പൂര്‍ണ പിന്തുണയെന്നാണ് യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള്ള വ്യക്തമാക്കി.
ഇറാനും ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് അപപിച്ചത്. ഇസ്രയേല്‍ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് സൗദി അറേബ്യയുടെ പ്രതികരണം. ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങള്‍ ഇനിയില്ലെന്നും എല്ലാം അവസാനിപ്പിച്ചുവെന്നുമാണ് ഖത്തര്‍ വ്യക്തമാക്കിയത്.