ബംഗളൂരു: വാട്സാപ്പിന്റെ വെബ് പതിപ്പില്‍ സ്‌ക്രോളിംഗിന് പ്രശ്നം നേരിടുന്നതായി പരാതികള്‍. ചാറ്റുകളിലൂടെ സ്‌ക്രോള്‍ ചെയ്യാനാവുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നിരവധി വാട്സാപ്പ് ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയയില്‍ പരാതിയുമായെത്തിയിട്ടുണ്ട്.
വെബ് പതിപ്പില്‍ മുകളിലേക്കോ താഴേക്കോ സ്‌ക്രോള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് ചൊവ്വാഴ്ച നിരവധി ഉപയോക്താക്കളാണ് എക്സില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഉപയോക്താക്കള്‍ ഒരു ചാറ്റില്‍ സ്റ്റിക്കര്‍ അല്ലെങ്കില്‍ ഇമോജി പാനല്‍ തുറന്നതിനുശേഷം പലപ്പോഴും ബഗ് ദൃശ്യമാകുന്നുണ്ടെന്ന് ടെക്നോളജി ട്രാക്കര്‍മാര്‍ പറയുന്നു. പേജ് റിഫ്രഷ് ചെയ്യുന്നത് താത്ക്കാലികമായി സ്‌ക്രോളിങ് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്നുണ്ടെന്ന് ചില ഉപയോക്താക്കള്‍ കുറിച്ചു. ഇതിനൊരു പരിഹാരം ഉണ്ടാവും വരെ സ്റ്റിക്കറുകള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു.
ഇത്തരമൊരു പ്രശ്നം ആദ്യമായല്ല വാട്സാപ്പിന് സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുള്ള പരിഹാരങ്ങള്‍ ബ്രൗസര്‍ വിന്‍ഡോയുടെ വലുപ്പം മാറ്റുകയോ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ 'ആള്‍ട്ട്' കീ അമര്‍ത്തുകയോ ചെയ്യുക എന്നിവയായിരുന്നു.